പുതുവര്‍ഷത്തില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍

January 9, 2020

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ നിന്നുതന്നെ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. 2020-ലെ ആദ്യ മത്സരത്തില്‍ രണ്ട് റെക്കോര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. ഇന്ത്യ-ശ്രീലങ്ക ട്വി20 പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു താരം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്.

ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി-20യില്‍ 17 പന്തില്‍ നിന്നും പുറത്താകാതെ 30 റണ്‍സ് വിരാട് കോലി നേടി. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെ റെക്കോര്‍ഡാണ് വിരാട് കോലി മറികടന്നത്. 31 മത്സരങ്ങളില്‍ നിന്നാണ് ഫാഫ് 1000 റണ്‍സ് തികച്ചത്. എന്നാല്‍ കോലി 30 മത്സരങ്ങളില്‍ നിന്നും 1000 റണ്‍സ് നേടി പുതു ചരിത്രം കുറിച്ചു.

രാജ്യാന്തര ടി-20 യില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതിയും ഇനി കോലിയുടെ പേരില്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ് രാജ്യാന്തര ടി-20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ നായകന്‍. അതേസമയം ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡും വിരാട് കോലി സ്വന്തമാക്കി.

അതേസമയം ശ്രീലങ്കയ്ക്ക് എതിരെയുള്ള ടി-20 പരമ്പയിയില്‍ ഇന്ത്യ മികച്ച വിജയം നേടി. ഇന്‍ഡോറില്‍ വെച്ചു നടന്ന ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. 143 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നിലവില്‍ പരമ്പരയില്‍ ഇന്ത്യയാണ് മുന്നില്‍.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. ഈ മികവ് തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതും. 32 പന്തില്‍ നിന്നുമായി 45 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും രാഹുലും ചേര്‍ന്ന് 71 റണ്‍സ് അടിച്ചെടുത്തത് വിജയത്തിന് മാറ്റു കൂട്ടി.