ആധാറിലെയും വോട്ടേഴ്സ് ഐ ഡി കാർഡിലെയും ഫോട്ടോയോർത്ത് വിഷമിക്കേണ്ട- ഇഷ്ടമുള്ള ഫോട്ടോ ഇനി നൽകാം

സമൂഹ മാധ്യമങ്ങളിലൊക്കെ സുന്ദരമായ ചിത്രങ്ങൾ ഇഷ്ടത്തിന് അനുസരിച്ച് നൽകുന്നവരാണ് നമ്മൾ. പക്ഷെ ആധാർ കാർഡിലോ ഇലക്ഷൻ ഐ ഡി കാർഡിലോ നോക്കിയാൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ലന്നുള്ളതാണ് അവസ്ഥ. ഇനി അത്തരം ആശങ്കകൾ വേണ്ട. ഇലക്ഷൻ ഐ ഡി കാർഡിലെ ചിത്രം ഇഷ്ടാനുസരണം മാറ്റാൻ സാധിക്കും. ആധാറിൽ പുതിയ ചിത്രം എൻറോൾമെൻറ് സെന്ററിൽ നിന്ന് തന്നെ പകർത്തിയാണ് നൽകുന്നത്.
വോട്ടേഴ്സ് ഐ ഡി
നാഷണൽ സർവീസ് പോർട്ടൽ സന്ദർശിക്കുക. ഇതാണ് പോർട്ടൽ അഡ്രസ്- http://www.nvsp.in/
കറക്ഷൻ ഓഫ് എൻട്രീസ് ഇൻ ദി ഇലക്ടറൽ റോൾ എന്നൊരു ഓപ്ഷൻ ഉണ്ട്. ഇത് അഞ്ചാമത്തെ ഓപ്ഷനാണ്. അതിൽ ക്ലിക്ക് ചെയ്യുക.
എട്ടാം നമ്പർ ഫോം ആണ് ഇപ്പോൾ ഓപ്പൺ ആകുക. അങ്ങനെ വന്നില്ലെങ്കിൽ ഫോം 8 എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ഈ ഫോമിൽ നിങ്ങളുടെ സംസ്ഥാനത്തിന്റെ പേരും നിങ്ങളുൾപ്പെടുന്ന ലോക്സഭ അല്ലെങ്കിൽ നിയമസഭ തിരഞ്ഞെടുക്കുക.
ഫോട്ടോഗ്രാഫ് എന്ന ഓപ്ഷൻ അവിടെ കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോട്ടോ മാറ്റുന്നതിനാവശ്യമായ വിവരങ്ങൾ നൽകണം. അതായത് നിങ്ങളുടെ പൂർണമായ പേര്, കാർഡ് നമ്പർ അങ്ങനെ വിശദമായ വിവരങ്ങൾ നൽകണം. അതിനോടൊപ്പം തന്നെ നൽകിയ വിവരങ്ങൾ സാധൂകരിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കമ്പ്യൂട്ടറിൽ നിന്നും അപ്ലോഡ് ചെയ്യണം.
ഒപ്പം തന്നെ പുതിയ പാസ്സ്പോർട്ട് സൈസിലുള്ള ചിത്രം അപ്ലോഡ് ചെയ്യുക. ചിത്രം നൽകി കഴിഞ്ഞാൽ ഇ-മെയിൽ ഐ ഡി, ഫോൺ നമ്പർ , സ്ഥലപ്പേര് എന്നിവ നൽകി സബ്മിറ്റ് കൊടുക്കുക. പിന്നീട് ഇ-മെയിലിലും ഫോൺ നമ്പറിൽ കൺഫിമേഷൻ സന്ദേശം വരും. ശേഷം 30 ദിവസങ്ങൾക്കു ശേഷം പുതിയ ഫോട്ടോ കാണാൻ സാധിക്കും.
ആധാർ കാർഡ്
ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ പതിനഞ്ചു ദിവസത്തെ താമസം മാത്രമേ ഉള്ളു. അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ ചെന്ന് ഒരു ഫോം പൂരിപ്പിച്ച് നൽകുക. എന്താണ് മാറ്റാനുള്ളത് എന്ന വിവരങ്ങളാണ് നൽകേണ്ടത്. ഫോട്ടോ മാറ്റാം, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാം. എന്താണ് മാറ്റേണ്ടതെന്നു ഫോമിൽ നൽകുക.
പുതിയ ഫോട്ടോ ആണെങ്കിൽ ബയോമെട്രിക്കൽ വിവരങ്ങൾ( വിരലടയാളം, കൃഷ്ണമണി) ഒരിക്കൽ കൂടി നൽകി പുതിയ ഫോട്ടോ എടുക്കാം. പതിനഞ്ചു ദിവസത്തിൽ ഈ- ആധാറിൽ പുതിയ ചിത്രം കാണാം.