ഫെബ്രുവരി മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നു

January 7, 2020

ജനപ്രിയ മെസേജ്ജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. പ്രായഭേദമന്യേ പലരും ഇക്കാലത്ത് വാട്‌സ്ആപ്പിനെ ആശ്രയിക്കാറുണ്ട്. സന്ദേശങ്ങള്‍ കൈമാറാനും, ചിത്രങ്ങള്‍ അയക്കാനും വീഡിയോ കോള്‍ ചെയ്യാനുമൊക്കെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ ഫെബ്രുവരി ഒന്ന് മുതല്‍ ചില പ്രത്യേക ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നായിരിക്കും വാട്‌സ്ആപ്പ് നീക്കം ചെയ്യപ്പെടുക. കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പും ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ നോക്കിയ സിമ്പിയന്‍ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ബ്ലാക്ക്‌ബെറി ഒഎസും ബ്ലാക്ക് ബെറി 10 ഉം, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐ ഫോണ്‍ 3 ജിഎസ്, ഐഒഎസ് 6 എന്നീ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Read more: തങ്കച്ചന്റെ ‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി’ക്ക് ഒരു കുട്ടിവേര്‍ഷന്‍

അതേസമയം ഏറ്റവും ഒടുവിലായി ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്തുണ പിന്‍വലിക്കുന്നത് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ്. ഫെബ്രുവരി ഒന്ന് മുതല്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വാട്‌സ്ആപ്പ് ലഭ്യമാക്കണമെങ്കില്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. അപ്‌ഗ്രേഡ് ചെയ്താല്‍ തടസ്സമില്ലാതെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു.