ഒൻപത് വർഷമായി ഒരേ കിടപ്പാണ്, ഒരു വീൽചെയർ വാങ്ങിത്തരാമോ; ജയരാജിന് സ്നേഹത്തിന്റെ കരുതലുമായി യൂസഫ് അലി
വിധി വീൽ ചെയറിൽ ആക്കിയ ചെറുപ്പക്കാരനാണ് കോട്ടയം പോരൂർ സ്വദേശി ജയരാജ്. ഒൻപത് വർഷങ്ങൾക്ക് മുൻപ് മരത്തിൽ നിന്നും വീണ് കിടപ്പിലായ ജയരാജ്, പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. അടുത്തിടെ പ്രമുഖ വ്യവസായി യൂസഫലിയുടെ ഫേസ്ബുക്കിൽ തന്റെ അവസ്ഥ പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് ജയരാജ് പങ്കുവച്ചിരുന്നു.
“സാറെ ഒൻപത് വർഷമായി മരത്തിൽനിന്നും വീണ് ഒരേ കിടപ്പാണ്. മറ്റ് മാർഗങ്ങൾ ഒന്നുമില്ല. എനിക്കൊരു ഇലക്ട്രിക് വീൽ ചെയർ വാങ്ങിത്തരാമോ ” ഇത് ശ്രദ്ധയിൽപെട്ട യൂസഫലി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഇലക്ട്രിക് വീൽചെയർ ജയരാജിന് എത്തിച്ചുനൽകി.
അതേസമയം വീൽചെയർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജയരാജും കുടുംബവും. ഇതോടെ സ്വന്തം കാര്യങ്ങൾ എങ്കിലും പരസഹായമായമില്ലാതെ ചെയ്യാൻ കഴിയുമെന്ന ആവേശവും ജയരാജിനുണ്ട്. തനിക്ക് വീൽ ചെയർ എത്തിച്ചുതന്ന യൂസഫലിക്കും സഹായികൾക്കും നന്ദി പറയാനും മറന്നില്ല ജയരാജ്.