ബാലു-എലീന വിവാഹത്തില്‍ സഹോദരനെപ്പോലെ ചേര്‍ന്നു നിന്ന് ആസിഫ് അലി: ഹൃദ്യം വീഡിയോ

February 3, 2020

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ ഇടം നേടാറുണ്ട്. കുറച്ച് ദിവസങ്ങളായി ചലച്ചിത്രതാരങ്ങളായ ബാലു വര്‍ഗീസിന്റെയും എലീനയുടെയും വിവാഹവാര്‍ത്തകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇന്നലെ(2-2-2020)യായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ബാലു- എലീന ദമ്പതികളുടെ വിവാഹ വീഡിയോ. ആസിഫ് അലിയും ഭാര്യ സമയും മക്കളും വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നു. ബാലു വര്‍ഗീസിന്റെ അടുത്ത സുഹൃത്താണ് ആസിഫ്. ബാലുവിന്റെയും എലീനയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു വിവാഹത്തില്‍. ചലച്ചിത്രതാരം ഗണപതി, അര്‍ജുന്‍ അശോകന്‍, ജീന്‍ പോള്‍, മൃദുല്‍ തുടങ്ങിയവരാണ് ബാലുവിനെ പള്ളിയിലേക്ക് ആനയിച്ചുകൊണ്ടുവന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബാലുവും എലീനയും വിവാഹിതരായത്.

Read more: കടലിന്റെ അടിത്തട്ടില്‍ ചിറകുകള്‍ ഉപയോഗിച്ച് നടന്നു നീങ്ങുന്ന സ്രാവുകള്‍: വീഡിയോ

ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വര്‍ഗീസിന്റെ ചലച്ചിത്ര പ്രവേശനം. ‘ഹണീ ബി’, ‘കിങ് ലയര്‍’, ‘കവി ഉദ്ദേശിച്ചത്’, ‘ഇതിഹാസ’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ എലീന കാതറിന്‍ മോഡലിങ് രംഗത്തും സജീവമാണ്. ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തിയ ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തില്‍ എലീനയും ബാലു വര്‍ഗീസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.