“കുഞ്ഞിക്കാ…, ആ വിളിയില്‍ ഒരു സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നു”: വിളിപ്പേരിനെക്കുറിച്ച് മനസ്സു തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

February 6, 2020

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച് കയ്യടി നേടുന്ന ചലച്ചിത്രതാരങ്ങള്‍ക്ക് നിരവധി വിളിപ്പേരുകള്‍ പ്രേക്ഷകര്‍ സമ്മാനിക്കാറുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പ്രേക്ഷകര്‍ സ്‌നേഹത്തോടെ ‘മമ്മൂക്ക’ എന്ന് വിളിക്കുന്നു. മമ്മൂട്ടിയുടെ മകനെയാകട്ടെ ‘കുഞ്ഞിക്ക’ എന്നും. ‘കുഞ്ഞിക്ക’ എന്ന വിളിപ്പേരിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിളിപ്പേരിനെക്കുറിച്ച് വാചാലനായത്.

‘കുഞ്ഞിക്ക’ എന്ന പേര് ആദ്യം വിളിച്ചത് ആരാണെന്നായിരുന്നു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനെ തേടിയെത്തിയ ചോദ്യം. ഈ പേര് ആദ്യമായി വിളിച്ചത് ആരാണെന്ന് ഓര്‍മ്മയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ ആ പേരിനെക്കുറിച്ച് താരം മനസ്സുതുറന്നു.

”കുഞ്ഞിക്കാ എന്ന ആ വിളിയില്‍ ഒരു സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആ പേര് എനിക്ക് വലിയ ഇഷ്ടമാണ്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന് കേള്‍ക്കുന്നത് ഭയങ്കര ഫോര്‍മല്‍ ആയാണ് ഫീല്‍ ചെയ്യുന്നത്. സ്‌കൂള്‍ പഠനകാലത്ത് ഉയര്‍ന്നുവന്ന പേരാണ് ഡിക്യു എന്നത്. ചിലരെന്നെ അന്ന് സല്‍മ എന്നും വിളിച്ചു. ഇത്തരം വിളിപ്പേരുകളൊന്നും തിരിത്താന്‍ ശ്രമിച്ചിട്ടില്ല’ എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Read more: മഞ്ഞിലൂടെ സ്ലെഡ്ജില്‍ കൂളായി സ്വയം തെന്നി നീങ്ങുന്ന നായ; വൈറല്‍ വീഡിയോ

അതേസമയം ദുല്‍ഖര്‍ നായകനും നിര്‍മാതാവായും എത്തുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന പുതിയ ചിത്രം നാളെ(07-02-2020) മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഹ്യൂമറിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ.