‘മിനിസ്ക്രീൻ ചിരിറാണി ജീവിതത്തിൽ അൽപ്പം സീരിയസ് ആണ്..’- ‘കോമഡി സൂപ്പർ ഷോ’ വിശേഷങ്ങളുമായി പ്രസീത മേനോൻ
മലയാളികളെ ചിരിപ്പിക്കാൻ വലിയ പ്രയാസമാണ്. ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ പേർക്കിടയിൽ സ്വാഭാവികമായ തമാശയും തനത് ശൈലിയുമൊക്കെയായി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ച ചുരുക്കം ചില ചിരിതാരങ്ങളുണ്ട്. അവരിൽ കിരീടം വയ്ക്കാത്ത ഒരേയൊരു രാജ്ഞിയാണ് പ്രിയനടി പ്രസീത മേനോൻ . പ്രസീത എന്നതിലുപരി അമ്മായി എന്ന പേര് പറഞ്ഞാൽ ആളെ പെട്ടെന്ന് പിടികിട്ടും. പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പ്രസീത മേനോൻ പുതിയൊരു വേദിയിൽ പുതിയ ചിരിക്കൂട്ടുമായി എത്തുകയാണ്. ഫ്ളവേഴ്സ് ടി വി ഒരുക്കുന്ന ‘കോമഡി സൂപ്പർ ഷോ’ എന്ന ചിരിവേദിയിൽ പ്രസീത മേനോൻ നിറസാന്നിധ്യമാണ്. പുത്തൻ ചിരി വിശേഷങ്ങൾ പ്രസീത ഫ്ളവേഴ്സ് ഓൺലൈനോട് പങ്കുവയ്ക്കുന്നു.
കോമഡി സൂപ്പർ ഷോ
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ എന്റർടൈൻ ചെയ്യുന്ന ഷോയാണ് കോമഡി സൂപ്പർ ഷോ. മാത്രമല്ല മലയാളത്തിലെ ഒട്ടുമിക്ക കോമഡി താരങ്ങളും സൂപ്പർ ഷോയുടെ ഭാഗമായെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾ കാണാനിരിക്കുന്ന ഒരു ഗംഭീര കോമഡി ഷോ തന്നെയാകും ഇത് എന്നുറപ്പാണ്.
ചിരി മാത്രമല്ല മെയിൻ..
ഒരു കോമഡി ഷോ ആണെങ്കിലും എല്ലാത്തിലും ഒരു സന്ദേശം കൂടി ഉൾപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ആദ്യ എപ്പിസോഡിൽ തന്നെ പോലീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച ഒരു സ്കിറ്റ് ഉണ്ടായിരുന്നു. നമുക്ക് പോലീസിനെക്കുറിച്ചുള്ള മുൻധാരണകൾ മാറ്റിയ ഒരു സ്കിറ്റ് ആയിരുന്നു അത്. സ്നേഹത്തോടെ സമൂഹത്തെ പരിപാലിക്കുന്ന അവരുടെ രീതിയൊക്കെ പലപ്പോഴും ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവരില്ലെങ്കിൽ എന്തായേനെ, അവർ നീതി നടപ്പാക്കുന്നതും കാവലാകുന്നതും ഇല്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് ആ സ്കിറ്റിലൂടെ സമൂഹത്തോട് പങ്കുവെച്ചത്. കാക്കിക്കുള്ളിലെ കലാഹൃദയം എന്നൊക്കെ പറയും പോലെ പോലീസുകാരിലെ കലാകാരന്മാരെയും നമുക്ക് കാണാൻ സാധിച്ചു. പട്ടാളക്കാരുടെയും കാര്യവും അതുപോലെതന്നെ. ഇവർ നമ്മളെ സേവിക്കുമ്പോൾ ഒട്ടേറെ ത്യാഗങ്ങൾ അവർക്ക് സഹിക്കേണ്ടതുണ്ട്. അപ്പോൾ നമ്മൾ അവരെ തിരികെ സ്നേഹിക്കണം. ഇങ്ങനെയുള്ള സന്ദേശങ്ങൾ നൽകുന്ന സ്കിറ്റുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികളൊക്കെ വേറെ ലെവലാണ്..
അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കുട്ടികളുടേത്. കോമഡി സൂപ്പർ ഷോയുടെ മുഖ്യ താരം ജയറാമേട്ടനാണ്(നടൻ ജയറാം). അദ്ദേഹം തന്നെ പറയുന്നത് അവരുടെ ടൈമിംങ് ഒന്നും നമുക്ക് പലപ്പോഴും ഉണ്ടാകാറില്ല എന്നാണ്. നിഷ്കളങ്കതയോടെയുള്ള അവരുടെ ചില ഭാവങ്ങൾ, അഭിനയമൊക്കെ കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നിപോകും. മുതിർന്നവരൊക്കെയായ ഞങ്ങൾ ഒന്ന് ശരിയായില്ലെന്ന് തോന്നിയാൽ ഒന്നുകൂടി എടുത്ത് നോക്കാം എന്ന് കരുതും. ഇവർക്ക് എല്ലാം കൃത്യമായ ടൈമിംങ് ഉണ്ട്.
‘അമ്മായി’ നൽകിയ പ്രസിദ്ധി
ആ കഥാപാത്രം അത്രയ്ക്ക് ഹിറ്റ് ആകുമെന്ന് കരുതിയതല്ല. അതൊരു ഹിന്ദി ഷോയുടെ അതെ ഫോർമാറ്റ് ആണ്. അവിടെയും ഒരു അമ്മായി ഉണ്ട്. പക്ഷെ മലയാളത്തിൽ എത്തുമ്പോഴുള്ള കാര്യം മലയാളികളെ ചിരിപ്പിക്കാൻ പ്രയാസമാണെന്നതാണ്. അതിന്റെ കാര്യം ഇവിടെ ബുദ്ധിജീവികൾ കൂടുതലാണ്. വിദ്യാഭ്യാസം കൂടിയവരാണ് കേരളത്തിൽ. മാത്രമല്ല, കോമഡിക്ക് ഒരു നല്ല നിലവാരം വേണം. തീരെ അധഃപതിക്കാനും പാടില്ല, വല്ലാതെ ബുദ്ധിപരമാകാനും പറ്റില്ല. എന്തായാലും അത് ആളുകൾ സ്വീകരിച്ചു. തീർച്ചയായും കോമഡി സൂപ്പർ ഷോയിലെ എന്റെ കഥാപാത്രവും അത്തരത്തിലുള്ളതാണ്. അതും ജനം സ്വീകരിക്കും എന്നുറപ്പാണ്.
ജീവിതത്തിൽ സീരിയസാണ്..
ജീവിതത്തിൽ തമാശ പറയാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാറില്ല. പിന്നെ അതൊക്കെ കഥാപാത്രങ്ങളാണല്ലോ. യഥാർത്ഥത്തിൽ ഞാനൊരു സീരിയസ് ആളാണ്. എന്റെ മകൻ പോലും പറയും ‘അമ്മ അവിടൊക്കെ തമാശ പറയുമല്ലോ, വീട്ടിലെന്താ ഇങ്ങനെ’ എന്ന്. സത്യത്തിൽ നമ്മൾ ജോലി ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട ടെൻഷൻ ഉണ്ടാകുമല്ലോ. അതിനിടയിൽ തമാശ വരില്ല. അടിസ്ഥാനപരമായി ഗൗരവക്കാരിയാണെങ്കിലും എന്നെ വേറൊരു രീതിയിൽ ഇത്തരം ഷോകളിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു. അതാണ് പ്ലസ് പോയിന്റ്.
ടീം വർക്കിന്റെ വിജയം..
ടെൻഷനൊക്കെ മാറ്റിവെച്ച് എനിക്ക് കോമഡി ചെയ്യാൻ സാധിക്കുന്നത് ഷോ ഡയറക്ടറുടെയും ടീമിന്റേയുമൊക്കെ പിന്തുണ കൊണ്ടാണ്. അവരുടെ ഒരു സപ്പോർട്ട് വലുതാണ്. ഞങ്ങളുടെ ഷോ ഡയറക്ടർ അനൂപ് ( കോമഡി സൂപ്പർ ഷോ ഡയറക്ടർ) , കലാഭവൻ മധു ( സ്ക്രിപ്റ്റ്) ഇവരുടെയൊക്കെ പിന്തുണ പറയാതിരിക്കാൻ വയ്യ. ഞങ്ങളുടെ ടീം വർക്ക് കാണാനിരിക്കുന്നതേയുള്ളു. മാത്രമല്ല, 2 എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഒരുപാട് കോളുകൾ വരുന്നുണ്ട്. ഞങ്ങൾക്ക് ചിരിയടക്കാൻ വയ്യ എന്ന തരത്തിൽ പോസിറ്റീവ് ആയ ഒരുപാട് കോളുകൾ. ഇതൊക്കെ വലിയ സന്തോഷം തരുന്നുണ്ട്.
കട്ട സപ്പോർട്ടാണ് ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററും..
അനൂപിന്റെ സപ്പോർട്ട് പറയാതിരിക്കാൻ വയ്യ. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നതിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്. കാരണം നമുക്ക് കൃത്യമായ നിർദേശങ്ങൾ തരുന്നതിനൊപ്പം തന്നെ നല്ല സ്വാതന്ത്ര്യവും തരുന്നുണ്ട്. അതാണ് വേണ്ടത് ഒരു അഭിനേതാവിനെ സംബന്ധിച്ച്. അതുപോലെ മധു. അദ്ദേഹമില്ലെങ്കിൽ ഞാൻ ഈ ഷോയിൽ എത്തില്ലായിരുന്നു. ഞാൻ ഇവിടെത്താനുള്ള കാരണം തന്നെ മധുവാണ്. ഇവർക്കെല്ലാമൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..ഇനി ഞങ്ങളുടെ ചിരിക്കൂട്ടുകൾ കാണാൻ ഇരിക്കുന്നതേയുള്ളു.. പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യ വിസ്മയമാകും കോമഡി സൂപ്പർ ഷോ.