പന്ത് മോഷണം പോയി; പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പത്തുവയസുകാരൻ

February 13, 2020

വസ്തുക്കൾ മോഷണം പോയാൽ പൊലീസിൽ പരാതിനൽകും… പൊതുവെ നമ്മൾ ചെയ്യാറുള്ള കാര്യമാണിത്. ഇപ്പോഴിതാ സ്വന്തം പന്ത് മോഷണം പോയപ്പോൾ പൊലീസ് സഹായം തേടിയിരിക്കുകയാണ് പത്ത് വയസുകാരൻ. തൃശൂർ സ്വദേശിയായ അതുലാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഫെബ്രുവരി ഒന്നാം തീയതിയാണ് അതുലിന്റെ പന്ത് മോഷണം പോയത്. പന്ത് മോഷണം പോയ വിവരം വീട്ടിൽ പറഞ്ഞപ്പോൾ മറ്റൊന്ന് വാങ്ങിത്തരാമെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ അതുലിന് അത് സമ്മതമായിരുന്നില്ല. ഉടൻ തന്നെ ഗൂഗിളിൽ നിന്നും പൊലീസ് സ്റ്റേഷനിലെ നമ്പർ എടുത്ത് അതുൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ച പൊലീസ് ആദ്യം തങ്ങളെ പറ്റിക്കാൻ ആരെങ്കിലും ശ്രമിക്കുന്നതായിരിക്കും എന്നാണ് കരുതിയത്. എന്നാൽ അന്വേഷിച്ചപ്പോൾ അതുലിന്റെ പരാതി സത്യമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് പന്ത് കണ്ടുപിടിച്ച് അതുലിന് നൽകി.