‘ആ രംഗം ‘ലൂസിഫറി’ന്റെ കോപ്പിയല്ല, എന്റെ തന്നെ മറ്റൊരു സിനിമയിലെ രംഗമാണ്’- വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
വിജയകരമായി പ്രദർശനം തുടരുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ച് വരവിനു പാത ഒരുക്കിയ ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. മുൻപ് കണ്ടു പരിചയമുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സുരേഷ് ഗോപിയുടെ മറ്റൊരു മുഖം കാണിച്ചതിനാണ് സംവിധായകൻ അനൂപ് സത്യന് കയ്യടികൾ ഏറെയും ലഭിച്ചത്.
ഇപ്പോൾ സുരേഷ് ഗോപി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ‘കാവൽ’. സിനിമയിൽ നിന്നുള്ള ഒരു രംഗത്തിന്റെ ചിത്രം സുരേഷ് ഗോപി പങ്കുവെച്ചു. പോലീസ് ഉദ്യോഗസ്ഥനെ ഭിത്തിയിൽ ചേർത്ത് നെഞ്ചിൽ ചവിട്ടുന്ന രംഗത്തിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്.
എന്നാൽ ചിത്രത്തിന് ലഭിച്ച കമന്റുകൾ ഏറെയും വിമർശനങ്ങളായിരുന്നു. ‘ലൂസിഫറി’ൽ സമാനമായ രംഗത്ത് മോഹൻലാൽ അഭിനയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഇത് ‘ലൂസിഫറി’ന്റെ കോപ്പിയാണ്, പോസ്റ്റ് പിൻവലിക്കൂ എന്നൊക്കെയാണ് ആളുകൾ കമന്റ്റ് ചെയ്തത്.
എന്നാൽ വിമർശനങ്ങൾക്ക് കമന്റ് ബോക്സിൽ തന്നെ സുരേഷ് ഗോപി മറുപടി നൽകി. ഇത് ‘ലൂസിഫറി’ന്റെ കോപ്പി അല്ലെന്നും 2001ൽ പുറത്തിറങ്ങിയ തന്റെ തന്നെ ചിത്രമായ ‘രണ്ടാം ഭാവ’ത്തിൽ ഇങ്ങനെയൊരു രംഗം ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Read More:ആക്ഷന്‍ രംഗങ്ങളില്‍ അടിപതറാതെ സുരേഷ് ഗോപി; ‘വരനെ ആവശ്യമുണ്ട്’ മേക്കിങ് വീഡിയോ
2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയിൽ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു . അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.
ഹ്യൂമറിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.