”ചൂടുവെള്ളം നല്ല പാസ്-വേര്‍ഡ് ആയിരുന്നു…” ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു രസികന്‍ രംഗം

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്മാന് നായകനും നിര്‍മാതാവായും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
എന്നാല്‍ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രധനാ ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്നതാണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്.
സിനിമയിലെ രസകരമായ ഒരു രംഗം പുറത്തെത്തി. ലാലു അലക്സും ശോഭനയും കല്യാണി പ്രിയദര്‍ശനുമാണ് ഈ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരം നായികയായെത്തുന്ന ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.