50 കോടി ക്ലബ്ബിൽ ഇടംനേടി ‘ഷൈലോക്കും’ ‘അഞ്ചാം പാതിരാ’യും
‘2020’… ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചുകൊണ്ടാണ് പുതുവർഷം എത്തിയത്. പുതുവർഷ റിലീസായി തിയേറ്ററുകളിൽ എത്തിയ ഷൈലോക്കും അഞ്ചാം പാതിരായും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രങ്ങളുടെ അണിയറപ്രവർത്തകരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.
അഞ്ചാം പാതിരാ
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചാം പാതിരാ. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രമാണ് ‘അഞ്ചാം പാതിരാ’. കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.
ഷൈലോക്ക്
മികച്ച അഭിപ്രായങ്ങളുമായി ഷൈലോക്ക് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഷൈലോക്ക് എന്ന ചിത്രവും.