‘ഈ യാത്രയിൽ എനിക്കൊപ്പം ചേരുന്നോ? കാര്യമിപ്പോൾ പറയില്ല, സീക്രട്ടാണ്’- ഐശ്വര്യ ലക്ഷ്മി
മലയാള സിനിമയിലെ ഭാഗ്യ നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിക്ക് ഇത് സർപ്രൈസുകളുടെ വർഷമാണ്. ഒട്ടേറെ വലിയ പ്രോജക്ടുകളാണ് ഐശ്വര്യയുടേതായി വരാനിരിക്കുന്നത്. തമിഴ് സിനിമ ലോകത്തേക്ക് ചേക്കേറിയ ഐശ്വര്യ ഇപ്പോൾ ‘പൊന്നിയിൻ സെൽവൻ’ എന്ന മണിരത്നം ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ മറ്റൊരു സന്തോഷവും ആരാധകരുമായി നടി പങ്കുവയ്ക്കുന്നുണ്ട്.
തന്റെ പുതിയ ചിത്രത്തിൽ കൂടെ അഭിനയിക്കാൻ അഭിനേതാക്കളെ തേടുകയാണ് ഐശ്വര്യ ലക്ഷ്മി. വളരെ മികച്ച ടീമിനൊപ്പമാണ് തന്റെ അടുത്ത ചിത്രമെന്നും, ഈ യാത്രയിൽ നിങ്ങളും കൂടെ വേണമെന്നും കാസ്റ്റിംഗ് കാൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്നും മൂന്നു വർഷം മുൻപ് തന്റെ ജീവിതത്തിലും അത് സംഭവിച്ചിട്ടുണ്ടെന്നും ഐശ്വര്യ കുറിക്കുന്നു. കൂടുതലൊന്നും ഇപ്പോൾ പറയില്ലെന്നും സീക്രട്ടാണെന്നും ഐശ്വര്യ പറയുന്നു.
Read More:3000 വർഷം മുൻപ് അടക്കം ചെയ്ത മമ്മിയുടെ ശബ്ദം പുറത്ത് വിട്ട് ശാസ്ത്രലോകം; അമ്പരന്ന് ജനങ്ങൾ
ഒട്ടേറെ ഓഡിഷനുകളിൽ പങ്കെടുത്താണ് ഐശ്വര്യ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ഐശ്വര്യ അഭിനേതാക്കളെ ക്ഷണിക്കുന്നത്.