യന്ത്രച്ചിറകില് ഉയരെ പറന്നു, ചരിത്രംകുറിച്ച് ജെറ്റ്മാന്‍
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. പക്ഷികളെപ്പോലെ ഒരിക്കലെങ്കിലും ഒന്ന് പറക്കാന്‍ കൊതിച്ചിട്ടുണ്ടാവും നമ്മളില്‍ പലരും. എങ്കിലും ഈ ആഗ്രങ്ങളൊക്കെ പലപ്പോഴും സ്വപ്നത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. എന്നാല്‍ ഇതാ, യന്ത്രച്ചിറകിന്റെ സഹായത്താല്‍ ഉയരെ പറന്നിരിക്കുകയാണ് ഒരാള്‍. പേര് വിന്‍സ് റെഫ്റ്റ്. യന്ത്രച്ചിറകില് 1800 മീറ്റര്‍ ഉയര്ത്തില് പറന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ ജെറ്റ്മാന്‍. യന്ത്രച്ചിറകില് ആദ്യമായാണ് ഒരാള്‍ ഇത്രയും ഉയരത്തില്‍ പറക്കുന്നത്.
ഉയര്‍ന്ന പ്രദേശത്തു നിന്നും താഴേയ്ക്ക് ചാടി പറക്കുന്ന പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി നിന്നനില്‍പ്പില്‍ പറന്ന് ഉയരുകയായിരുന്നു ജെറ്റ്മാന്‍. മണിക്കൂറില്‍ ശരാശരി 240 കിലോമീറ്റര്‍ വേഗത്തില്‍ ദുബായിലെ ജുമൈറ ബീച്ചിലും പരിസരങ്ങളിലും പറന്ന ശേഷമാണ് വിന്‍സ് റെഫ്ട് തിരിച്ചിറങ്ങിയത്. 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ യന്ത്രച്ചിറക് ഉപയോഗിച്ച് പറക്കാനാകും.
Read more: അങ്ങനെ സേതുരാമയ്യര്‍ കൈ പുറകില്‍ കെട്ടി നടക്കാന്‍ തുടങ്ങി…
ദുബായ് എക്സ്പോയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഹ്യൂമന്‍ ഫ്ളൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ഈ പറക്കല്‍. നാല് മിനി ജെറ്റ് എഞ്ചിനികളുണ്ട് ഈ യന്ത്രച്ചിറകില്. കൂടാതെ ദിശയും വേഗതയുമെല്ലാം നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്. കാര്‍ബണ്‍ ഫൈബര്‍ ചിറകുകളാണ് ജെറ്റ് എഞ്ചിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്.
ഈ യന്ത്രച്ചിറകിന്റെ സഹായത്തോടെ എട്ട് സെക്കന്‍ഡ് കൊണ്ട് 100 മീറ്റര്‍ ഉയരത്തില്‍ പറക്കാനാകും. 12 സെക്കന്‍ഡിനകം 200 മീറ്റര്‍ ഉയരത്തിലും 20 സെക്കന്‍ഡിനകം 1,000 മീറ്റര്‍ ഉയരത്തിലുമെത്താന് സാധിക്കും.