അങ്ങനെ സേതുരാമയ്യര്‍ കൈ പുറകില്‍ കെട്ടി നടക്കാന്‍ തുടങ്ങി…

February 19, 2020

കഥാപാത്രങ്ങളാണ് ഓരോ സിനിമയെയും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമകള്‍ തിയേറ്ററുകളിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടാലും ചില കഥാപാത്രങ്ങള്‍ ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിന്നും ഇറങ്ങിപ്പോകാറില്ല. ഇത്തരത്തിലുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍.

ദുരൂഹമരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താനെത്തുന്ന സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് നെറ്റിയില്‍ കുറിയും തൊട്ട് കേസ് അന്വേഷിക്കാനെത്തുന്ന സേതുരാമയ്യരുടെ കൈ പുറകില്‍ കെട്ടിയുള്ള നടത്തവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തെ അടയാളപ്പെടുത്തുന്നതിലും ഈ നടത്തം പ്രധാന പങ്കുവഹിച്ചു.

Read more: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന പ്രിന്‍സിപ്പല്‍; വൈദികന്റെ ഡാന്‍സിന് കൈയടി

കെ മധുവാണ് സിബിഐ പരമ്പരയിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. കൈ പുറകില്‍ കെട്ടി ശാന്തതയോടെ കേസ് അന്വേഷിക്കുന്ന സേതുരാമയ്യര്‍ മമ്മൂട്ടിയുടെ ആശയമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഥാപാത്രം അയ്യരായാല്‍ നല്ലതാണെന്ന് അഭിപ്രായപ്പെട്ടതും മമ്മൂട്ടിയാണ്. സിബിഐ സീരീസിലെ സിനിമകള്‍ മമ്മൂട്ടി നല്‍കിയ സംഭാവനകള്‍ ചെറുതല്ലെന്നും സംവിധായകന്‍ കെ മധു പറഞ്ഞു.

1988-ലാണ് സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. തുടര്‍ന്ന് 1989-ല്‍ ജാഗ്രത എന്ന ചിത്രം തിയേറ്ററുകളിലെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005-ല്‍ നേരറിയാന്‍ സിബിഐയും വെള്ളിത്തിരയിലെത്തി. സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രവും ഒരുങ്ങുന്നുണ്ട്.