വർഷങ്ങൾ നീണ്ട നിയമപോരാട്ടം; പെറുവിൽ ദയാവധത്തിന് വിധേയയായ ആദ്യ വ്യക്തിയായി അന എസ്ദ്രാദ

April 28, 2024

ലോകശ്രദ്ധ നേടിയ നിരവധി ദയാവധ കേസുകള്‍ വിവിധ മാധ്യമങ്ങളിലുടെ വായിച്ചും കേട്ടുമെല്ലാം നാം അറിഞ്ഞിട്ടുണ്ടാകും. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതും വേദനാജനകവുമായ രോഗം കൊണ്ടോ ഒരു രോഗിയെ വേദനയില്ലാതെ മരണത്തിന് വിട്ട് കൊടുക്കുന്നതിനെയാണ് ദയാവധം എന്ന് പറയുന്നത്. എന്നാല്‍ ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പെറുവിലെ ആദ്യ ദയാവധത്തിന് അനുവാദം നല്‍കിയിരിക്കുകയാണ് കോടതി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൂര്‍ണമായും കിടപ്പിലായ അന എസ്ദ്രാദ എന്ന സൈക്കോളജിസ്റ്റാണ് ദയാവധത്തിന് വിധേയായത്. ( Ana Estrada Peru’s First Person to Access Euthanasia )

വളരെ ചെറിയ പ്രായത്തില്‍ തന്നെ മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗം ബാധിച്ചു. ഇതോടെ ഇരുപത് വയസ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ അന വീല്‍ചെയറില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ രോഗത്തിന് മുന്നില്‍ തളര്‍ന്നിരിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. വെല്ലുവിളികളെ അതിജീവിച്ച് പഠനം തുടര്‍ന്ന അന സൈക്കോളജിയില്‍ ബിരുദം നേടുകയും ഒരു തെറാപ്പിസ്റ്റായി ജോലി ചെയ്യാനും ആരംഭിച്ചു. ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമുപയോഗിച്ച് അന സ്വന്തമായി ഒരു വീടും വാങ്ങി.

എന്നാല്‍ 2017 ആയപ്പോഴേക്കും അനയുടെ ആരോഗ്യംസ്ഥിതി ഗുരുതരമായി. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ഒപ്പം ശ്വാസംമുട്ടലും ന്യൂമോണിയയും ബാധിച്ചു. കൈ കൊണ്ട് എഴുതാന്‍ കഴിയാതെ ആയതോടെ ചില സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അന ബ്ലോഗ് എഴുതാന്‍ ആരംഭിച്ചു. ഈ എഴുത്തുകളിലാണ് ദയാവധം അനുവദിക്കണമെന്ന് അന ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

തുടര്‍ന്ന് പെറുവിലെ മനുഷ്യവകാശ ഓംബുഡ്സ്മാന്റെ സഹായത്തോടെ ദയാവധം ആവശ്യപ്പെട്ട് കൊണ്ട് അന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഒടുവില്‍ 2022-ലാണ് അനയുടെ ആവശ്യം പെറുവിലെ സുപ്രീം കോടതി അംഗീകരിച്ചത്. വീഡിയോ കോണ്‍ഫറന്‍സുകളുടെ സഹായത്തോടെയാണ് അന കോടതിയില്‍ ഹാജരായിരുന്നത്. അനയുടെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്നവരെ ശിക്ഷിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പെറുവില്‍ ദയാവധം നിയവിധേയമല്ല. ഇതോടെയാണ് വൈദ്യസഹായത്തോടെ അന ദയാവധത്തിന് വിധേയമായത്. ഇത്തരത്തില്‍ പെറുവില്‍ ദയാവധത്തിന് വിധേയയാകുന്ന ആദ്യ വ്യക്തി കൂടിയാണ് അന എസ്ദ്രാദ.

Read Also : “ദയവായി എനിക്കൊരു ശുഭയാത്ര ആശംസിക്കരുത്”; ദയാവധത്തിന് മുൻപ് യുവതി കുറിച്ച വരികൾ!

നെതര്‍ലന്‍ഡ്‌സ്, കാനഡ, ബെല്‍ജിയം, സ്പെയിന്‍, അടക്കമുള്ള ഒന്‍പത് രാജ്യങ്ങളില്‍ മാത്രമാണ് ദയാവധം നിയമവിധേയമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിലും ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ദയാവധം നടപ്പാക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ 2015ലാണ് ദയാവധം നിയമവിധേയമാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇക്വഡോറും ദയാവധം നിയമവിധേയമാക്കി ഉത്തരവിറക്കിയിട്ടുണ്ട്.

Story highlights : Ana Estrada Peru’s First Person to Access Euthanasia