“ദയവായി എനിക്കൊരു ശുഭയാത്ര ആശംസിക്കരുത്”; ദയാവധത്തിന് മുൻപ് യുവതി കുറിച്ച വരികൾ!

February 1, 2024

രാജ്യമറിഞ്ഞ നിരവധി ദയാവധ കേസുകൾ നമ്മുടെ പരിചയത്തിലുണ്ട്. ഭേദപ്പെടുത്താനാവാത്തതും വേദനാജനകവുമായ രോഗത്താൽ അല്ലെങ്കിൽ മാറ്റാനാവാത്ത കോമയിൽ ബുദ്ധിമുട്ടുന്ന ഒരു രോഗിയെ വേദനയില്ലാതെ മരണത്തിന് വിട്ട് കൊടുക്കുന്നതിനെയാണ് ദയാവധം എന്ന് പറയുന്നത്. അത്തരത്തിൽ താൻ ദയാവധത്തിന് കീഴ്‌പ്പെടുന്നതിന് മുൻപായി ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് ആളുകളുടെ മനസിൽ നൊമ്പരമായി ശേഷിക്കുന്നത്. (Woman’s final post before being Euthanised)

നെതർലാൻഡിൽ നിന്നുള്ള 28 കാരിയായ ലോറൻ ഹോവ് എന്ന യുവതിയാണ് ക്രോണിക് ഫാറ്റിഗ് സിൻഡ്രോം എന്നറിയപ്പെടുന്ന മ്യാൽജിക് എൻസെഫലോമൈലൈറ്റിസുമായുള്ള പോരാട്ടത്തിനൊടുവിൽ ദയാവധത്തിന് കീഴടങ്ങിയത്.

ജനുവരി 24 ന് ‘ബ്രെയിൻ ഫോഗ് എന്ന തൻ്റെ ബ്ലോഗിൽ അവൾ അവസാനമായി ഒരു സന്ദേശം പോസ്റ്റ് ചെയ്തു. അവളുടെ അവസാന ദിവസം ശനിയാഴ്ച (ജനുവരി 27) ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട് മരണത്തിന് മുൻപായി തൻ്റെ എക്‌സ് അക്കൗണ്ടിൽ ഒരു മീമും പോസ്റ്റ് ചെയ്തു.

തൻ്റെ രോഗസമയത്ത്, പ്രത്യേകിച്ച് ദയാവധ ആഗ്രഹം അറിയിക്കുന്നതിന് മുമ്പുള്ള സമയത്ത് തനിക്കൊപ്പം നിന്ന എല്ലാവരോടും അവൾ തൻ്റെ പോസ്റ്റിൽ നന്ദി പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1:30 നും 2:30 നും ഇടയിൽ അവളുടെ ദയാവധം നടക്കുമെന്നും ലോറൻ ഫോളോവെഴ്സിനെ അറിയിച്ചു.

Read also: “മരണത്തേക്കാൾ ഞാൻ ഭയന്നത് നിന്നെ പിരിയുന്നതാണ്”; അവസാനാളുകളിൽ മകനോട് പറയാൻ അമ്മ കാത്തുവെച്ചത്!

അവൾ എഴുതി, “നമ്മൾ പരസ്പരം വളരെക്കാലമായി അറിയുന്നവരാണെങ്കിലും അധികം പരിചയം ഇല്ലാത്തവരാണെങ്കിലും പ്രശ്നമില്ല. നിങ്ങളിലൂടെ എനിക്ക് ഏകാന്തത കുറഞ്ഞതായി തോന്നി. അതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്. ദയവായി എനിക്കൊരു നല്ല യാത്ര ആശംസിക്കരുത്. ഒരു യാത്ര പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു (പോകുന്നത് ഒരു ബീച്ചിലാണെങ്കിൽ നന്നായിരിക്കും)…”

അവസാന സന്ദേശത്തിൽ ലോറൻ എഴുതി: “ഞാൻ തീയതിയും സമയവും പരസ്യമാക്കാൻ കാരണം എന്നോടൊപ്പം നിങ്ങളും ഈ നിമിഷത്തെ ഓർത്ത് വളരെ ആവേശത്തിലാണ് എന്ന് അറിയുന്നത് കൊണ്ടാണ്. അത് എപ്പോൾ സംഭവിക്കുന്നുവെന്ന് അറിയുന്നത് എത്രത്തോളം സഹായകരമാണെന്ന് എനിക്ക് അനുഭവത്തിൽ നിന്ന് അറിയാം. അതിലൂടെ നിങ്ങൾക്ക് ഒരു നിമിഷം എന്നെ ഓർക്കുകയോ അല്ലെങ്കിൽ എനിക്ക് വേണ്ടി ഒരു മെഴുകുതിരി കത്തിക്കുകയോ ചെയ്യാം”.

സ്വമേധയാ ദയാവധം ചെയ്യണമെന്ന് ലോറൻ ആദ്യം തൻ്റെ ഡോക്ടറോട് പറഞ്ഞപ്പോൾ, അവളുടെ ആഗ്രഹങ്ങളെ താൻ മാനിക്കുന്നുവെന്നും എന്നാൽ അവളുടെ മാനസിക അവസ്ഥകൾ കാരണം അവളുടെ കേസ് സങ്കീർണ്ണമായതിനാൽ അത് സ്വയം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വെയിറ്റിംഗ് ലിസ്റ്റിൽ ഇടംപിടിച്ചെങ്കിലും പകർച്ചവ്യാധി കാരണം അവളുടെ കാത്തിരിപ്പ് പതിവിലും വൈകി.

എക്‌സിലൂടെ തൻ്റെ ആരോഗ്യത്തെക്കുറിച്ച് ലോറൻ ഫോളോവെഴ്സിനെ പതിവായി അപ്‌ഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പ്രോത്സാഹനത്തിൻ്റെയും പിന്തുണയുടെയും നിരവധി സന്ദേശങ്ങൾ സ്ഥിരമായി ആളുകൾ ലോറന് അയച്ചിരുന്നു.

ലോറന്റെ മരണശേഷം ലോറൻ്റെ പ്രിയപ്പെട്ടവർ ഒരു അപ്‌ഡേറ്റും നൽകിയിട്ടുണ്ട്, “ഉച്ചയ്ക്ക് 1.55 ന് അവളുടെ മാതാപിതാക്കളായ ലിയോണിയുടെയും പീറ്ററിൻ്റെയും അവളുടെ ഉറ്റ സുഹൃത്ത് ലോയുടെയും സാന്നിധ്യത്തിൽ ലോറൻ സമാധാനപരമായി ലോകത്തോട് വിടപറഞ്ഞു. നിങ്ങളുടെ അനുകമ്പയ്ക്കും പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു… ലിയോണി, പീറ്റർ, ലോ.”

Story highlights: Woman’s final post before being Euthanised