‘മരണത്തേക്കാൾ ഞാൻ ഭയന്നത് നിന്നെ പിരിയുന്നതാണ്’; അവസാന നാളുകളിൽ മകനോട് പറയാൻ അമ്മ കാത്തുവെച്ചത്!

January 30, 2024

കത്തുകൾ വായിക്കുന്നത് ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവമാണ്. എന്നാൽ പ്രിയപ്പെട്ട ഒരാളെ മരണം കവർന്നെടുത്ത ശേഷം അയാൾ നമുക്കായി എഴുതി വെച്ച ഒരു കത്ത് കൈയ്യിലെത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഓർമകളുടെയും വേദനയുടെയും ഒരു ഘോഷയാത്രയായിരിക്കും അവിടെ നിന്ന് പുറപ്പെടുന്നത്. അത്തരത്തിലൊരു സംഭവമാണ് മാറ്റ് ഗിൽഡ് എന്ന യുവാവ് തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. (Mom’s last letter to son before she dies of Cancer)

ക്യാൻസർ ബാധിച്ച് തൻ്റെ അമ്മ മരണത്തോട് കീഴ്‌പ്പെടുന്നതിന് മുൻപ് മാറ്റിന് വേണ്ടി എഴുതിയ കത്താണ് അദ്ദേഹം റെഡിറ്റിൽ പങ്കുവെച്ചത്. വായനക്കാരുടെ മിഴികൾ നിറയാതെ ഈ കത്ത് വായിക്കുന്നത് ബുദ്ധിമുട്ടാണ്. കത്തിന്റെ ചിത്രത്തിനും കുറിപ്പിനുമൊപ്പമാണ് മാറ്റ് കത്ത് ഷെയർ ചെയ്തിരിക്കുന്നത്.

A letter from my mom that I found after she passed away from cancer
byu/MattGald inMadeMeSmile

അദ്ദേഹം കുറിച്ചു:

“ക്യാൻസർ ബാധിച്ച് എൻ്റെ അമ്മ മരണപ്പെട്ട ശേഷം ഞാൻ കണ്ടെത്തിയ ഒരു കത്ത്: ഞാൻ അമ്മയെ എല്ലാ ദിവസവും മിസ് ചെയ്യുന്നു. അത് എന്നെ കരയിപ്പിക്കുന്നുമുണ്ട്. എന്നാൽ മുഖത്ത് ഒരു പുഞ്ചിരിയോടെയാണ് ഞാൻ കരയുന്നത്. ഈ സമയം ഏറെ ബുദ്ധിമുട്ടുള്ളതാണ്. കാരണം ക്യാൻസറിന്റെ ബുദ്ധിമുട്ടുകൾ സഹിച്ച് എന്റെ അച്ഛനും ഇപ്പോൾ ഐസിയുവിലാണ്. ആളുകൾ നിങ്ങൾക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് അവരോട് പറയാൻ ഓർക്കുക. നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എല്ലാ ദിവസവും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക.”

Read also: മുത്തശ്ശിയുടെ ഡയറി കയ്യിലെത്തി; യുവതിക്ക് തിരികെ കിട്ടിയത് കാണാമറയത്തെ കുട്ടിക്കാലം!

അമ്മയുടെ കത്തിന്റെ പൂർണരൂപം:

“ഹലോ മാറ്റ്, നീ എന്നെങ്കിലും ഈ കത്ത് കണ്ടെത്തും എന്ന വിശ്വാസത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കറിയാവുന്ന ആളുകളിൽ വെച്ച് ഏറ്റവും മനസ്സലിവുള്ളൻ നീയാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ നീ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു. മറ്റ് വരുമാനമില്ലെന്ന് അറിഞ്ഞുകൊണ്ട് എൻ്റെ ചികിത്സകൾക്കായി നീ നിന്റെ ജോലി ഉപേക്ഷിച്ചു. മറ്റാർക്കും ഇങ്ങനെ ഒരു കാര്യം ചെയ്യാൻ സാധിക്കില്ല. എല്ലാത്തിനും നന്ദി. നീ എന്നും ക്രിസ്റ്റിക്കും കൈലിക്കും ഒപ്പമുണ്ടാകണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കാരണം കുടുംബം എല്ലാമെല്ലാമാണ്. നിൻ്റെ സ്വപ്നങ്ങളിൽ ഉള്ള ആളെ നീ കണ്ടെത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നും സന്തോഷവാനായി ഇരിക്കണം, കാരണം നീ അത് അർഹിക്കുന്നുണ്ട്… ഞാൻ എപ്പോഴും നിന്നെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും. മരിക്കുമെന്ന് ഭയന്നതിനേക്കാൾ ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നത് നിന്നെ വിട്ടുപോകാനാണ്. നീ എന്നും ഒരു മികച്ച മകനായിരുന്നു. നമ്മൾ ഇനി കണ്ടുമുട്ടുന്നത് വരെ, ഞാൻ നിന്നെ എന്നന്നേക്കും സ്നേഹിക്കുന്നു… സ്നേഹത്തോടെ, അമ്മ”

മകനൊപ്പം ചിലവഴിച്ച മികച്ച നിമിഷങ്ങളെ കുറിച്ചും അമ്മ കത്തിൽ പറയുന്നുണ്ട്. നിരവധി ആളുകളാണ് മാറ്റിന് ആശ്വാസമായി എത്തിയത്. അമ്മയ്ക്കായി സമയം മാറ്റി വെച്ച ഈ മകൻ മികച്ചൊരു വ്യക്തിയാണെന്നും സ്നേഹനിധിയായ അമ്മയെ കിട്ടിയ മകനും, ഈ മകനെ കിട്ടിയ അമ്മയും ഭാഗ്യം ചെയ്തവരാണെന്നും ആളുകൾ കുറിച്ചു.

Story highlights: Mom’s last letter to son before she dies of Cancer