മുത്തശ്ശിയുടെ ഡയറി കയ്യിലെത്തി; യുവതിക്ക് തിരികെ കിട്ടിയത് കാണാമറയത്തെ കുട്ടിക്കാലം!

January 26, 2024

നമ്മുടെ മുത്തശ്ശിമാരൊക്കെ അനുഭവങ്ങളുടെ കൂമ്പാരമാണെന്ന് കേട്ടിട്ടില്ലേ? ഒരു ആയുഷ്കാലം കൊണ്ട് അവർ നെയ്തു കൂട്ടിയ സ്വപ്നങ്ങളും കടന്നു പോയ ജീവീതാനുഭവങ്ങളും ചെറുതല്ല. അതുകൊണ്ട് തന്നെയാണ് അവർ പറയുന്ന പല കാര്യങ്ങളും നമുക്ക് ആദ്യം കൈക്കുന്നതും പിന്നീട് മധുരിക്കുന്നതും. എന്നാൽ വർഷങ്ങൾക്ക് ശേഷം കൈകളിലെത്തിയ മുത്തശ്ശിയുടെ ഡയറി ഒരു യുവതിക്ക് തുറന്ന് കൊടുത്തത് വിലമതിക്കാനാവാത്ത ഓർമകളുടെ കൂമ്പാരമാണ്. (Grandma’s secret diary becomes treasure trove for granddaughter)

നതാലി കാർലോ മാഗ്നോ ആണ് മരണമടഞ്ഞ മുത്തശ്ശിയുടെ ഡയറിയിലൂടെ തൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒരുപാട് രഹസ്യങ്ങൾ കണ്ടെത്തിയത്. ജേണലിൻ്റെ കുറച്ച് പേജുകൾ നതാലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ‘ഗുഡ് ന്യൂസ് മൂവ്‌മെൻ്റ് ‘ എന്ന പേജ് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.

വളരെ ഹൃദയസ്പർശിയായ വരികളാണ് ഡയറിയിലുടനീളം. വായിക്കുന്ന ഓരോ വ്യക്തിയും തങ്ങൾക്ക് ഇങ്ങനൊരു ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകും. ഡയറിയിലെ ആദ്യ പേജ് ഇങ്ങനെയാണ്, “നതാലിക്ക് ഇന്ന് ഒരാഴ്ച പ്രായമായി, എല്ലാം നന്നായി പോകുന്നു.” തുടർന്നുള്ള പേജുകളിൽ മുത്തശ്ശിയും ചെറുമകളും തമ്മിൽ സൂക്ഷിക്കേണ്ട ഒരു രഹസ്യമാണ് മുത്തശ്ശി കുറിച്ചിരിക്കുന്നത്.

Read also: പുഞ്ചിരി തൂകി വയോധികൻ; ഇഷ്ടഗാനം ആലപിച്ച് സഹയാത്രികൻ!

“ഇന്ന് നിനക്കും എനിക്കും ഒരു രഹസ്യമുണ്ട്. ഇന്ന് നീ തനിയെ 6 ചുവടുകൾ നടന്നു. പക്ഷെ ഇത് നമ്മൾ അമ്മയോടോ പപ്പയോടോ പറയാൻ പാടില്ല. നീ നടക്കുന്നത് ആദ്യം കാണേണ്ടത് അവരായിരിക്കണം. നീയൊരു കുഞ്ഞ് ഭാഗ്യവതിയാണ്. എല്ലാവരും നതാലിയെ സ്നേഹിക്കുന്നു.” പിന്നീടുള്ള പേജുകളിൽ മുത്തശ്ശിയുടെ ആഗ്രഹം പോലെ തന്നെ നതാലിയുടെ രക്ഷിതാക്കൾ തന്നെ അവൾ നടക്കുന്നത് കാണുകയും മുത്തശ്ശിയെ വിളിച്ച് കാണിക്കുന്നതുമായ സംഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

തൻ്റെ അമ്മ നതാലിയെ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായി മറ്റൊരു കുറിപ്പിൽ മുത്തശ്ശി എഴുതിയിട്ടുണ്ട്. കൂടാതെ, നതാലി തൻ്റെ ജീവിതത്തിലേക്ക് വന്നശേഷം ഇനി അവളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അവർ എഴുതി. നതാലിയുടെ ഒരു ജന്മദിനത്തെക്കുറിച്ചും അവൾ മുത്തച്ഛന് നൽകിയ ആദ്യ ചുംബനത്തെക്കുറിച്ചുമെല്ലാം ഏറെ ആവേശത്തോടെ തുടർന്നുള്ള പേജുകളിൽ മുത്തശ്ശി എഴുതിയിരിക്കുന്നതും കാണാം.

Read also: ‘കരുതൽ എല്ലാവർക്കും’; സെറിബ്രൽ പാൾസി ബാധിതന് മാഗ്നെറ്റിക് ഷർട്ടുമായി വസ്ത്ര നിർമാതാക്കൾ!

പോസ്റ്റ് പങ്കുവെച്ചത് മുതൽ ഹൃദ്യമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തങ്ങളുടെ ജീവിതവും കുട്ടിക്കാലവുമൊക്കെ ആരെങ്കിലും ഇത് പോലെ കുറിച്ച് വെച്ചിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിക്കുന്നു. ശരിയാണ്, ഒരിക്കലും തിരിച്ച് പോകാൻ പറ്റാത്ത നമ്മുടെ കുട്ടിക്കാലം മധുരമുള്ള ഓർമകളായി മറ്റൊരാൾ പങ്കുവെയ്ക്കുന്നത് കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്.

Story highlights: Grandma’s secret diary becomes treasure trove for granddaughter