പുഞ്ചിരി തൂകി വയോധികൻ; ഇഷ്ടഗാനം ആലപിച്ച് സഹയാത്രികൻ!

January 26, 2024

നമുക്ക് സമാനമായ ഇഷ്ടങ്ങളും താല്പര്യങ്ങളുമുള്ള ആളുകളെ കണ്ടുമുട്ടുന്നത് ഏറെ സന്തോഷമുള്ള അനുഭവമാണ്. ഇഷ്ടമുള്ള വിഷയങ്ങളെ കുറിച്ച് ആവോളം സംസാരിക്കാനും ഇത്തരം കണ്ടുമുട്ടലുകൾ വഴിയൊരുക്കും. എന്നാൽ അപ്രതീക്ഷിതമായ ഇത്തരം സംഭാഷണങ്ങൾ സംഭവിക്കുന്നത് ഒരു ട്രെയിനിൽ വെച്ചാണെങ്കിലോ? അതും ഒട്ടും നിനയ്ക്കാത്ത നേരത്ത്! അടുത്തിടെ ട്രെയിനിലെ സഹയാത്രികന്‌ ഇഷ്ടഗാനം ആലപിച്ച് കൊടുക്കുന്ന ഗായകന്റെ വിഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. (Video of man singing favorite track for elderly passenger)

ഹാർദിക് മേത്ത എന്ന ഗായകനാണ് ഇൻസ്റ്റഗ്രാമിലൂടെ ഏറെ ഹൃദ്യമായ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ 1975-ൽ പുറത്തിറങ്ങിയ ‘ആന്ധി’ എന്ന ചിത്രത്തിലെ ‘തേരെ ബിനാ സിന്ദഗി സേ’ എന്ന ഗാനത്തിൽ ലയിച്ചിരിക്കുന്ന വ്യക്തിയെ കാണാം. ചുറ്റുമുള്ളതെല്ലാം മറന്ന് അയാൾ ആഴത്തിൽ ഗാനം ആസ്വദിക്കുകയാണ്. ഗാനത്തിൽ മുഴുകിയിരിക്കുന്ന അയാളെ കണ്ട ഹാർദിക് അപരിചിതന് ഒരു സർപ്രൈസ് കൊടുക്കണമെന്ന് തീരുമാനിക്കുകയാണ്.

തൊട്ടടുത്ത നിമിഷത്തിൽ യാത്രക്കാരൻ ആസ്വദിച്ച് കൊണ്ടിരുന്ന ഗാനം എല്ലാവർക്കും മുന്നിൽ ഉറച്ച് പാടുകയാണ് ഹാർദിക്. അപ്രതീക്ഷിതമായി പാട്ട് കേട്ട യാത്രക്കാരന്റെ മുഖത്ത് പിന്നീട് പുഞ്ചിരികൾ മാത്രമാണ്. അതിമനോഹരമായി ഹാർദിക് പാടുമ്പോൾ തൊട്ടടുത്തിരുന്ന് ആസ്വദിക്കുകയാണ് അയാൾ.

Read also: ‘അങ്ങ് അറബി നാട്ടിൽ നിന്നൊരു ചമ്മക്ക് ചലോ’; കൗതുകമായി വിവാഹ വിരുന്ന്!

കിഷോർ കുമാറും ലത മങ്കേഷ്കറും ചേർന്ന് ആലപിച്ചതാണ് ‘തേരെ ബിനാ സിന്ദഗി സേ’ എന്ന ഗാനം. ഹിന്ദി ഭാഷാ ഗാനങ്ങളിൽ നിത്യഹരിത ഗാനങ്ങളിൽ ഉൾപ്പെടുന്ന ഈ ഗാനം എന്നും ആസ്വാദകർക്കിടയിൽ പ്രിയപ്പെട്ട ഒന്നാണ്. അരികിലുള്ള ഒരാളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി കൊണ്ടുവരാൻ നമുക്ക് സാധിക്കുമെങ്കിൽ, എന്തിന് മടിക്കണം അല്ലെ?

Story highlights: Video of man singing favorite track for elderly passenger