‘നമ്മളിൽ ഒരാൾ ആദ്യം പോകില്ലേ…’; ‘ബാക്ക് പാക്കേഴ്സു’മായി ജയരാജ്, നോവുണർത്തി ടീസർ

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ‘രൗദ്രം’ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാക്ക് പാക്കേഴ്സ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജയരാജ് തിരക്കഥയും തയാറാക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാർത്തിക നായർ ആണ്. ചിത്രത്തിൽ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബാക്ക് പാക്കേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നതാണ്. വാഗമണ്ണിലും വര്‍ക്കലയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ശിവ്ജിത്ത് പദ്മനാഭന്, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സച്ചിൻ ശങ്കറാണ്.
ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. താരം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സുധീപ് ദീപിക ദമ്പതികൾ സംവിധാനം നിർവഹിച്ച ഹാപ്പി സർദാർ ഒരു പ്രണയകഥയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തിയത് പുതുമുഖതാരമായ മെറിൻ ഫിലിപ്പാണ്.
Read also : സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്: ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
അതേസമയം ദേശീയ പുരസ്കാര ജേതാവ് ജയരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.