ലാൽ കുടുംബം ഒരുക്കുന്ന ‘Tസുനാമി’യിൽ നായകനായി ബാലു വർഗീസ്

‘Tസുനാമി’ ഒരർത്ഥത്തിൽ ഒരു കുടുംബ ചിത്രമാണ്. കാരണം ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് മരുമകൻ അലൻ ആന്റണി നിർമിക്കുന്ന ചിത്രമാണ് ‘Tസുനാമി’. ചിത്രത്തിൽ നായകനായെത്തുന്നതും ലാൽ കുടുംബത്തിന്റെ ഭാഗമായ നടൻ ബാലു വർഗീസ് ആണ്. ചിത്രത്തിന്റെ പൂജ ഇടപ്പള്ളി പള്ളിയിൽ നടന്നു.
‘ഡ്രൈവിങ് ലൈസൻസി’ന് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘Tസുനാമി’.പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. 2016ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം ‘കിംഗ് ലയർ’ ആണ് ഏറ്റവുമൊടുവിൽ ലാൽ തിരക്കഥയെഴുതിയത്. സിദ്ദിഖ് ആയിരുന്നു സംവിധാനം.
താര സമ്പന്നമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ്. ചടങ്ങിൽ നടൻ ദിലീപ്,ആസിഫ് അലി, സുരേഷ് കൃഷ്ണ, അരുൺ, സംവിധായകരായ സിബി മലയിൽ, സച്ചി, ബോബൻ സാമുവൽ, റോഷൻ ആൻഡ്രൂസ്, പ്രിയനന്ദനൻ, മൃദുൽ നായർ, മേജർ രവി, സനൂപ് തൈക്കൂടം, അരുൺ ഗോപി, ലിയോ തധേവുസ്, അൽത്താഫ് സലിം, ഷൈജു അന്തിക്കാട്, ജി മാർത്താണ്ഡൻ, ജോർജ്ജ്, തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം, ബിബിൻ ചന്ദ്രൻ നിർമാതാക്കളായ ആന്റോ ജോസഫ്, ഗിരീഷ് വൈക്കം, സിബി , നെൽസൺ ഐപ്പ് എന്നിവർ പങ്കെടുത്തു.
Read More:അച്ഛനും മകനും മരുമകനും ഒന്നിക്കുന്ന അപൂർവ സംഗമം- ചിത്രം ‘Tസുനാമി’
ബാലു വർഗീസ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം- അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ്- രതീഷ് രാജ്, സംഗീതം- യാക്സൻ ഗാരി പെരേര & നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനൂപ് വേണുഗോപാൽ.