കയറില്‍ കുടുങ്ങി കൂറ്റന്‍ തിമിംഗലം; രക്ഷകരായത് മുങ്ങല്‍ വിദഗ്ധര്‍: വീഡിയോ
ചില മൃഗങ്ങള്‍ മനുഷ്യര്‍ക്ക് രക്ഷകരായെത്തുന്ന നിരവധി വാര്‍ത്തകള്‍ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ മൃഗങ്ങളെ രക്ഷപെടുത്തുന്ന മനുഷ്യരെക്കുറിച്ചുള്ള വാര്‍ത്തകളും. ഇത്തരത്തിലുള്ള ഒരു രക്ഷപെടുത്തലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ കരയില്‍ നിന്നുള്ളതല്ല ആഴക്കടലില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍.
ശരീരത്തില്‍ കയര്‍ കുടുങ്ങിയ ഭീമന് തിമിംഗലത്തെയാണ് മുങ്ങല്‍ വിദഗ്ധരായ സൈമണ്‍ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും ചേര്‍ന്ന് രക്ഷപെടുത്തിയത്. അപൂര്‍വ്വമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മാല്‍ഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം. മുങ്ങല്‍ വിദഗ്ധരായ സൈമണ്‍ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും വിനോദ സഞ്ചാരികള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് തിമിംഗലത്തെ കണ്ടത്. ആഴക്കടലില്‍ ഡൈവിങ്ങിനായി എത്തിയതായിരുന്നു സംഘം.
ഭീമന് തിമിംഗലത്തിന്റെ കഴുത്തില്‍ വലിയ കയര്‍ കുരുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുങ്ങല്‍ വിദഗ്ധരായ സൈമണ്‍ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും കടലിലേക്ക് ചാടി. പത്ത് മിനിറ്റോളമെടുത്താണ് ഇവര്‍ തിമിംഗലത്തെ സ്വതന്ത്രനാക്കിയത്.
Read more: ഗാനമേളയ്ക്ക് ഒരു ലൈവ് ഡബ്സ്മാഷ്; വൈറല്‍ വീഡിയോ
തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നും കയര്‍ അറത്തുമാറ്റുകയാണ് ചെയ്തത്. കയര്‍ അറത്തുമാറ്റിയപ്പോള്‍ തിമിംഗലത്തിന്റെ ശരീരത്തില്‍ കയര്‍ മുറുകിക്കിടന്നിരുന്ന ഭാഗത്ത് വെളുത്ത പാട് അവശേഷിച്ചിരുന്നു.
തുടര്‍ന്ന് കടലിലേക്ക് നീന്തിപ്പോയ തിമിംഗലം അല്പസമയം കഴിഞ്ഞപ്പോള്‍ നന്ദി പ്രകടിപ്പിക്കാനെന്നപോലെ മുങ്ങല്‍ വിദഗ്ധരുടെ അരികിലേക്ക് നീന്തിയെത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്നാണ് മുങ്ങല്‍ വിദഗ്ധരായ സൈമണ്‍ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും ഈ വരവിനെ വിശേഷിപ്പിച്ചത്.