‘ആ മനുഷ്യൻ താരത്തിനപ്പുറം സ്നേഹമാകുന്നത് കണ്ട ദിവസം’; ശ്രദ്ധനേടി ചന്ദുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ്
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധ നേടിയ നടനാണ് ചന്ദുനാഥ്. ‘പതിനെട്ടാം പടി’യിൽ മമ്മൂട്ടിയുടെ സഹോദരനായി വേഷമിട്ട താരം ഇപ്പോൾ മോഹൻലാലിനൊപ്പം റാം എന്ന ചിത്രത്തിലും എത്തുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇടവേളകളിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം ഒത്തുകൂടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ചന്തുനാഥ്.
കുട്ടിക്കാലം മുതൽ സ്വപ്നം കണ്ടുനടക്കുന്ന താരങ്ങൾക്കൊപ്പം എത്തിയതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്.
ചന്ദുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
ലാലേട്ടൻ: ഈ അത്ഭുത മനുഷ്യന്റെ കുസൃതി ചിരിയും, കുട്ടിക്കാലം മുതൽ സിനിമയിൽ മാത്രം കണ്ട ലാൽ മാനറിസംസും കണ്മുന്നിൽ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം… ആ മനുഷ്യൻ താരത്തിനപ്പുറം സ്നേഹമാകുന്നത് കണ്ട ദിവസം… നടൻ നായകൻ താരം വിസ്മയം വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്കാൻ ഇടം തന്ന ദിവസം
പൃഥ്വിരാജ്: (രാജുവേട്ടൻ) സ്കൂൾ കാലം മുതൽ ‘ഇങ്ങനെ ആകണം വ്യക്തിത്വം’ എന്നു കണ്ടു അദ്ദേഹത്തിന്റെ ഉയർച്ചയിൽ കൂട്ടുകാരോട് തർക്കിച്ചു വാദിച്ചു വളർന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളിൽ കൈയിട്ട് ഉറക്കെ ചിരിക്കുകയും ചിന്തിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിന് പ്രശംസിക്കുകയും…എനിക്ക് പറയാൻ ഉള്ള സിനിമാ സ്വപ്‌നങ്ങൾ ക്ഷമയോടെ കേൾക്കുകയും ചെയ്ത ദിവസം. പിന്നെ എന്റെ കൂട്ടുകാരും… താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ചന്തു ഫേസ്ബുക്കിൽ കുറിച്ചു.