കൊറോണ മരണം 565; 28,000 പേർ ചികിത്സയിൽ, ലോകാരോഗ്യ സംഘടന ചൈനയിലേക്ക്
കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ചൈനയിൽ ഇന്നലെ മാത്രം 73 പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 565 ആയി. ചൈനയില്‍ 3694 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. 28000 പേർ ചികിത്സയിലുണ്ട്. ലോകാരോഗ്യ സംഘടനാ സംഘം ഉടൻ ചൈന സന്ദർശിക്കും.
ചൈനയ്ക്ക് പുറമെ വൈറസ് ബാധ മൂലം ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യയടക്കം 28 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ലോകം.
ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മൂന്നു പേരും കേരളത്തിലുള്ളവരാണ്. സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് ആരോഗ്യ വകുപ്പ്. കൊറോണ വൈറസ് ബാധയെ കേരളത്തില്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.