ഇഷ്ടതാരത്തെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധിക; ആശ്വസിപ്പിച്ച് താരം, സ്നേഹ വീഡിയോ

February 7, 2020

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇഷ്ടതാരത്തെ ഒരു നോക്കു കാണാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. ഇപ്പോഴിതാ തങ്ങളുടെ ഇഷ്ട താരത്തെ കണ്ട് സന്തോഷത്താൽ പൊട്ടിക്കരയുന്ന ഒരു ആരാധികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനെ കണ്ടയുടൻ പൊട്ടിക്കരയുന്ന ഒരു യുവതിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ എത്തിയപ്പോഴാണ് താരത്തെ കാണാനായി ഇഷ്ടതാരം കാത്തുനിന്നത്. ഒടുവിൽ പ്രിയതാരത്തെ നേരിൽ കണ്ടപ്പോൾ അവർക്ക് സന്തോഷംകൊണ്ട് കണ്ണുനിറയുകയാണ്. ഇത് കണ്ട ദുൽഖർ അവരെ ചേർത്ത് പിടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. പ്രിയതാരത്തിന് സ്നേഹോപഹാരം നൽകാനും ആരാധിക മറന്നില്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഈ വീഡിയോ.

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ  ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമായി  ദുൽഖറിനെ കാത്തിരുന്നത് നിരവധി ചിത്രങ്ങളായിരുന്നു. അതേസമയം ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്.

അതേസമയം ദുൽഖർ നായകനായി എത്തുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഇന്ന് റിലീസാകുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്ന ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.