‘സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമില്ല’; തുറന്നുപറഞ്ഞ് ദുൽഖർ
മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വരനെ ആവശ്യമുണ്ട്’ ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ദുൽഖർ സൽമാൻ. താൻ നിർമാതാവ് ആയെങ്കിലും തല്ക്കാലം സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം വെളിപ്പെടുത്തി. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ഗള്‍ഫ് റിലീസിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് താരം ഇത് വെളിപ്പെടുത്തിയത്.
മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്ന ചിത്രം. ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഒരു പുഞ്ചിരിയുമായി കണ്ടിരിക്കുവാന്‍ പ്രണയവും ചിരിയുമായി ഒരു സുന്ദരയാത്ര’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ മകന് സര്‍വജിത്ത് സന്തോഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. താരം നായികയായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതേസമയം സുരേഷ് ഗോപിയുടെയും ശോഭനയുടെയും മടങ്ങിവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തിരിക്കുന്നത്.