‘ജിം ബോറാണെന്ന് ആര് പറഞ്ഞു’: വർക്കൗട്ടിനൊപ്പം ചുവടുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; വൈറൽ വീഡിയോ

February 14, 2020

കളിക്കളത്തിനപ്പുറവും ക്രിക്കറ്റ് താരങ്ങളെ ആരാധകർ ഫോളോ ചെയ്യാറുണ്ട്. താരങ്ങളുടെ ഓരോ വിശേഷങ്ങൾക്കും സമൂഹമാധ്യമങ്ങളിലും കാഴ്ചക്കാർ നിരവധിയാണ്. ഇപ്പോഴിതാ ജിമ്മിൽ ഡാൻസ് ചെയ്യുന്ന താരങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പരിക്ക് കാരണം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഈ താരങ്ങൾക്ക് ഇടം കിട്ടിയിരുന്നില്ല. ടീമിൽ ഇടം നേടാനായില്ലെങ്കിലും ജിമ്മിലെത്തിയ മൂവരും വർക്കൗട്ടിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.

‘ജോ ജീത് വൊഹി സിക്കന്ദറി’ലെ പാട്ടിന് ചുവടുവയ്ക്കുന്ന താരങ്ങളുടെ വീഡിയോ ശിഖർ ധവാനാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘ജിമ്മിൽ ബോറാണെന്ന് ആരു പറഞ്ഞു’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ ധവാൻ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B8fxLuKHCxV/?utm_source=ig_web_copy_link

ന്യൂസീലന്‍ഡിനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഫെബ്രുവരി 21 മുതലാണ് ടെസ്റ്റ് ക്രിക്കറ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ടി-20യില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ ഏകദിനത്തില്‍ ന്യൂസീലന്‍ഡാണ് വിജയിച്ചത്. അതുകൊണ്ടുതന്നെ ഇരു ടീമുകളും വിജയപ്രതീക്ഷയിലാണ് ടെസ്റ്റിന് ഒരുങ്ങുന്നതും.