വിനീതിനും പ്രണവിനുമൊപ്പം പൃഥ്വി: ‘ഹൃദയം’ ഒരുങ്ങുന്നു

February 4, 2020

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് വിനീത് ശ്രീനിവാസൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഗായകനായും നിർമ്മാതാവായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്.

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് സുകുമാരൻ ഗാനം ആലപിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍.

2020 ഓണം റിലീസായാണ് ചിത്രം എത്തുക. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും വിനീത് ശ്രീനിവാസനാണ്. അതേസമയം വിനീത് ശ്രീനിവാസന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം തണ്ണീർമത്തൻ ദിനങ്ങളാണ്.

പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. പ്രണവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. കല്യാണി പ്രിയദർശന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.