രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി

February 8, 2020

ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് പരാജയം. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. 22 റണ്‍സിനാണ് രണ്ടാം അങ്കത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചത്.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വിജയലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. 251 റണ്‍സ് അടിച്ചെടുത്തപ്പോഴേയ്ക്കും ഇന്ത്യന്‍ താരങ്ങളെല്ലാം കളം വിടേണ്ടി വന്നു. ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ ടീമിന് വിജയിക്കാന്‍ സാധിച്ചില്ല.

രവീന്ദ്ര ജഡേജ 73 പന്തുകളില്‍ നിന്നായി 55 റണ്‍സ് നേടി. 57 പന്തുകളില്‍ നിന്നായി 52 റണ്‍സ് നേടിയ ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 45 റണ്‍സ് നേടിയ നവ്ദീപ് സെയ്‌നിയും ഇന്ത്യയ്ക്ക് മികച്ച പിന്തുണ നല്‍കി.

Read more: ഇയര്‍ഫോണ്‍ നഷ്ടപ്പെടാതിരിക്കാന്‍ കണ്ടെത്തിയ വിദ്യ ഹിറ്റ്, ഒടുവില്‍ സംഗതി വില്‍പനയ്ക്കും

79 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 74 പന്തുകളില്‍ നിന്നുമായി 73 റണ്‍സ് നേടിയ റോസ് ടെയ്‌ലറും ന്യൂസിലന്‍ഡിന് കരുത്തായി.

യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദ്ദൂല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി നേടി.