‘കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പീലി…’; ബാല്യകാല ഓര്‍മ്മകളുമായി ഒരു സുന്ദര പ്രണയഗാനം

February 22, 2020

മധുരമേറിയതാണ് ബാല്യകല സ്മരണകളില്‍ ഏറെയും. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളുമായെത്തിയ ഒരു സുന്ദര പ്രണയഗാനം ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സ്‌കൂള്‍ കാലഘട്ടത്തിന്റെ ഭംഗി ഒട്ടും ചോരാതെ പ്രതിഫലിച്ചിരിക്കുന്നു ഗാനരംഗത്ത്. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. ദേവദത്ത് ബിജിബാല്‍, കൃഷ്ണന്‍ ഉണ്ണി, സച്ചിന്‍ ബാലു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിന്‍ ബാലു തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും.

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു അന്തിക്കാട് ആണ്. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നത്.

Read more: ഡ്യൂപ്പില്ല, ഇതാണ് നല്ല നാടന്‍ തല്ല്; ചെളിക്കളത്തില്‍ പോരെടുത്ത് ബിജു മേനോനും പൃഥ്വിരാജും: ശ്രദ്ധനേടി ‘അയ്യപ്പനും കോശിയും’ മേക്കിങ് വീഡിയോ

ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എ ശാന്തകുമാര്‍ ആണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന്റേത്.