‘ഇന്ത്യയുടെ സ്വന്തം സ്വിസ് കത്തി’; കെ എല്‍ രാഹുലിന് അപൂര്‍വ്വമായൊരു വിശേഷണം
കളിക്കളത്തില്‍ അത്യുഗ്രന്‍ പ്രകടനങ്ങള്‍ നടത്തുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പല വിശേഷണങ്ങളും ലഭിക്കാറുണ്ട്. കായികലോകത്ത് ശ്രദ്ധ നേടുന്നതും ഇത്തരത്തില്‍ ഒരു വിശേഷണമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുയരുന്ന താരോദയം കെ എല്‍ രാഹുലിനെയാണ് പുതിയൊരു വിശേഷണം തേടിയെത്തിയിരിക്കുന്നത്.
‘ഇന്ത്യയുടെ സ്വന്തം സ്വിസ് കത്തി’ എന്നാണ് കെ എല്‍ രാഹുലിന് നല്‍കിയിരിക്കുന്ന വിശേഷണം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ആണ് ഈ വിശേഷണത്തിന് പിന്നില്‍. വിവിധ ഉദ്ദേശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്തതാണ് സ്വിസ് കത്തി. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് രാഹുല്‍. ക്രിക്കറ്റില്‍ ഏതുവിധേനയും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ആള് എന്ന നിലയിലാണ് ഇങ്ങനെ ഒരു വിശേഷണം താരത്തെ തേടിയെത്തിയത്.
വലിയ മാരകായുധമൊന്നുമല്ല സ്വിസ് കത്തി എന്നത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ പട്ടാളക്കത്തി എന്നും സ്വിസ് കത്തി അറിയപ്പെടുന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഒരു സാംസ്കാരിക ചിഹ്നംകൂടിയാണ് ഇത്.
360 ഡിഗ്രി ബാറ്റ്സ്മാന് എന്നാണ് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രാഹുലിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ റിവേഴ്സ് സ്കൂപ്പിലൂടെ രാഹുല്‍ നേടിയ സിക്സാവാം ഇത്തരമൊരു വിശേഷണത്തിന് കാരണം.