ആസിഫ് അലി- രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ ഒരുങ്ങുന്നു
മികവാര്‍ന്ന അഭിനയംകൊണ്ട് വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. പ്രശസ്ത സംവിധായകന് രാജീവ് രവി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്നതും ആസിഫ് അലിയാണ്. ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജീവ് രവിയുടേതെന്നും ഇതൊരു പോലീസ് സര്‍വൈവല്‍ കഥയാണെന്നും ഒരു അഭിമുഖത്തില്‍ ആസിഫ് അലി അടുത്തിടെ പറഞ്ഞിരുന്നു.
‘കുറ്റവും ശിക്ഷയും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജനുവരി 26-നായിരുന്നു ചിത്രത്തിന്റെ പൂജ. കേരളത്തിലും രാജസ്ഥാനിലുമായിട്ടാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നാണ് സൂചന.
സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഫിലിം റോള്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര് ആണ് ചിത്രത്തിന്റെ നിര്‍മാണം. ആസിഫ് അലിക്കും സണ്ണി വെയ്നും പുറമെ, അലന്‍സിയര്‍, ഷറഫുദ്ദീന്, സെന്തില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Read more: 328 ദിവസം ബഹിരാകാശത്ത്, ചരിത്രം കുറിച്ച ആ വനിത ഭൂമിയിലിറങ്ങി: വീഡിയോ
അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്താനുള്ള ഒരുക്കത്തിലാണ്. നിവിന്‍ പോളിയാണ് തുറമുഖത്തിലെ നായകന്. കൊച്ചിയിലെ തുറുമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. നിരവധി താരനിരകളെ അണിനിരത്തിയാണ് ‘തുറമുഖം’ ഒരുക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്, ബിജു മേനോന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന് ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമയൊരുങ്ങുന്നത്.