ചേട്ടന്റെ സിനിമയിൽ നായികയായി മഞ്ജു; നിരവധി പ്രത്യേകതകൾ നിറഞ്ഞ ചിത്രമെന്ന് താരം: വീഡിയോ

February 21, 2020

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യർ ആണ്. ചിത്രത്തിൽ നായകനായി എത്തുന്നത് ബിജു മേനോനും. അതേസമയം ചേട്ടന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

‘എന്റെ പുതിയ ചിത്രം തുടക്കം കുറിച്ചിരിക്കുകയാണ്. വ്യക്തിപരമായി ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമാണ് ലളിതം സുന്ദരം. ചേട്ടന്റെ ആദ്യ സംവിധാനസംരംഭം. പിന്നെ എന്റെ ആദ്യ കൊമേർസ്യൽ ചിത്രം കൂടിയാണിത്.’ മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു.

മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് നിർമാണം. ബിജിപാൽ സംഗീതവും പി സുകുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘കുടമാറ്റം’, ‘പ്രണയ വർണ്ണങ്ങൾ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യർ ബിജു മേനോൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിനായി വാനോളം പ്രതീക്ഷയിലാണ് ആരാധകരും. അതേസമയം അഭിനേതാവായും സഹനിർമാതാവായും സിനിമയോട് ചേർന്ന് നിന്ന മധു വാര്യർ ആദ്യമായി സംവിധാനം നിർവഹിക്കുന്നതിന്റെ ആകാംഷയും പ്രേക്ഷകർക്കുണ്ട്.

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം. മഞ്ജുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം പ്രതിപൂവൻ കോഴിയാണ്.

ചതുർമുഖം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.