മധുവിന്റെ ആക്ഷനിൽ മഞ്ജുവിന്റെ അഭിനയം: ‘ലളിതം സുന്ദരം’ ഉടൻ
നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ലളിതം സുന്ദരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യർ ആണ്. ചിത്രത്തിൽ നായകനായി എത്തുന്നത് ബിജു മേനോനാണ്.
മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് പുറത്തിറക്കിയത്. ബിജിപാൽ സംഗീതവും പി സുകുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘കുടമാറ്റം’, ‘പ്രണയ വർണ്ണങ്ങൾ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യർ ബിജു മേനോൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിനായി വാനോളം പ്രതീക്ഷയിലാണ് ആരാധകരും. അതേസമയം അഭിനേതാവായും സഹനിർമാതാവായും സിനിമയോട് ചേർന്ന് നിന്ന മധു വാര്യർ ആദ്യമായി സംവിധാനം നിർവഹിക്കുന്നതിന്റെ ആകാംഷയും പ്രേക്ഷകർക്കുണ്ട്.
1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം. മഞ്ജുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം പ്രതിപൂവൻ കോഴിയാണ്.
ചതുർമുഖം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.