‘മമ്മൂട്ടിക്കും,മോഹൻലാലിനും ശേഷം ആര് എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ് ബിജു മേനോനും,പൃഥ്വിരാജും’- സംവിധായകൻ എം എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്
സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥ്വിരാജ്- ബിജു മേനോൻ കൂട്ടുകെട്ടിലെത്തിയ ചിത്രത്തിൽ ഇരുവരുടെയും മത്സരിച്ചുള്ള അഭിനയമാണ് കാണാൻ സാധിക്കുന്നത്. നായികയും വില്ലന്മാരുമില്ലാത്ത ചിത്രമെന്ന് അഭിനേതാക്കൾ തന്നെ വിശേഷിപ്പിച്ച ചിത്രത്തിന് സിനിമ ലോകത്ത് നിന്നും ഒരുപാട് അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ സംവിധായകൻ എം എ നിഷാദ് ‘അയ്യപ്പനും കോശിയും’ സിനിമയ്ക്ക് അഭിനന്ദനമറിയിച്ചിരിക്കുകയാണ്.
എം എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ബിജു മേനോനും, പൃഥ്വിരാജും..
അഥവാ
”അയ്യപ്പനും കോശിയും”
ഒരു സിനിമ എങ്ങനെ മാസ്സാകുന്നു എന്ന്,സംവിധായകൻ സച്ചി അദ്ദേഹത്തിന്റ്റെ അവതരണത്തിലൂടെ നമ്മളെ മനസ്സിലാക്കി തരുന്നു…കഥാപാത്രങ്ങളുടെ മാനസ്സിക വ്യാപനം…അവർ സഞ്ചരിക്കുന്ന പാത,അതിലൂടെ നമ്മൾ പ്രേക്ഷകരേയും നടത്തി കൊണ്ട് പോകാൻ അയ്യപ്പനും കോശിക്കും കഴിഞ്ഞു എന്നുളളതും ഈ സിനിമയുടെ പ്രത്യേകത തന്നെയാണ്…
ഒരു മനുഷ്യന്റ്റെ നൈമിഷികമായ ചിന്തകളോ,വികാരങ്ങളോ എത്രമാത്രം സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് അവനെ കൊണ്ട് എത്തിക്കുമെന്ന് ഈ സിനിമ വരച്ച് കാട്ടുന്നു..അത്രക്ക് പരിചിതമല്ലാത്ത ഒരു വിഷയത്തെ തന്മയത്തോടെ അവതരിപ്പിക്കാനും,അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്..
ആണഹങ്കാരത്തിന്റ്റെയും,പിടിപാടുളളവന്റ്റേയും ഹുങ്ക് ,വർത്തമാനകാലത്തിൽ നടമാടി കൊണ്ടിരിക്കുന്ന ചിലരുടെ മാനസ്സിക പ്രശ്നങ്ങൾ തന്നെയാണെന്നും സംവിധായകൻ പറയാതെ പറഞ്ഞു..സച്ചിക്ക് അഭിനന്ദനങ്ങൾ ..
ബിജുമേനോൻ അയ്യപ്പനായി തകർത്തഭിനയിച്ചു…ഓരോ സിനിമ കഴിയുമ്പോളും ഒരു നടനെന്ന നിലയിൽ ബിജുവിന്റ്റെ ഗ്രാഫുയരുകയാണ്..നായകൻ ബിജു തന്നെ…
അയ്യപ്പനെ പറ്റി പറയുമ്പോൾ കോശിയേ പറ്റി എങ്ങനെ പറയാതിരിക്കും…ആരാണ് കോശി ? സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ,കോശി നായകനാണോ,വില്ലനാണോ,പ്രതി നായകനാണോ എന്ന സംശയം എന്നെ വല്ലാതെ അലട്ടി. കാരണം ഞാൻ കണ്ടത് പൃഥ്വിരാജിനെയല്ല,കട്ടപ്പനയിലെ ഏതോ പ്ലാന്റർ കുര്യന്റ്റെ മകൻ കോശിയെയാണ്…അതാണ് ഒരു നടന്റ്റെ വിജയവും…പൃഥ്വിരാജ്, നിങ്ങൾ വേറെ ലെവലാണ്…നിങ്ങൾ ഒരു നടനെന്ന നിലയിൽ പലർക്കും ഒരു നല്ല മാതൃകയാണ്, കഥാപാത്രങ്ങളെ ഇമേജിന്റ്റെ ചട്ടകൂട്ടിൽ നിർത്താതെ അവതരിപ്പിക്കുന്നതിൽ..ബിജുവും,പൃഥ്വിയും വ്യക്തിപരമായി എനിക്കടുപ്പമുളളവരാണ്,അത് കൊണ്ട് തന്നെ അവരുടെ വിജയങ്ങളും എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു..എന്റ്റെ ആദ്യ ചിത്രമായ പകലിന്റ്റെ നായകനായ പൃഥ്വി, ഇന്ന് നടനെന്ന നിലയിൽ എത്രയോ,ഉയരത്തിൽ എത്തിയിരിക്കുന്നു.. മമ്മൂട്ടിക്കും,മോഹൻലാലിനും ശേഷം ആര് എന്ന ചോദ്യത്തിന്റ്റെ ഉത്തരങ്ങളാണ് ബിജുമേനോനും,പൃഥ്വിരാജും…
മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച, അനിൽ പി നെടുമങ്ങാട്,ഗൗരീ നന്ദ,അനുമോഹൻ,കുമാരൻ എന്ന ഡ്രൈവർ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ (പേരറിയില്ല) വനിത കോൺസ്റ്റബിൾ ജെസ്സി എന്ന കഥാപാത്രമായി അഭിനയിച്ച നടി (അതും പേരറിയില്ല) ഇവരെല്ലാവരും തന്നെ അഭിനന്ദനം അർഹിക്കുന്നു…
സംവിധായകൻ രഞ്ജിത്ത് ,കുര്യൻ എന്ന കഥാപാത്രത്തെ ഒരു വേറിട്ട ശൈലിയിൽ അവതരിപ്പിച്ചു…അതും ഒരു നവ്യാനുഭവം,തന്നെ…
ഈ സിനിമ ഇന്നിന്റെ സിനിമയാണ്..
കാണാതെ പോകുന്നത്,ഒരു നഷ്ടം തന്നെയായിരിക്കും…
Read More:ജയിലിനുള്ളില്‍ എഫ്എം റേഡിയോ; തടവുകാര്‍ക്കും ആസ്വദിക്കാം ഇനിമുതല്‍ സംഗീതം
അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി ബിജു മേനോന്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.