‘ഇവർ ഒരു പ്രചോദനം തന്നെയാണ്’- 25 രാജ്യങ്ങൾ സന്ദർശിച്ചെത്തിയ ദമ്പതികളെ ചേർത്തു പിടിച്ച് മോഹൻലാൽ
ബാലാജി കോഫി ഹൗസ് കൊച്ചിക്കാർക്ക് സുപരിചിതമാണ്. അത് ഒരു സഞ്ചാരിയുടെ ലോകമാണ്. ചായ വിറ്റുണ്ടാക്കിയ പണം കൊണ്ട് ലോകം കാണുന്ന സാധാരണക്കാരായ ദമ്പതികളാണ് ഈ കോഫീ ഷോപ്പിന്റെ ഉടമകളായ വിജയനും ഭാര്യ മോഹന വിജയനും.
ഒരു കൊച്ചുമോഹത്തിൽ തുടങ്ങിയ യാത്ര ഇന്ന് 25 രാജ്യങ്ങൾ കടന്നിരിക്കുകയാണ്. ഈ അവസരത്തിൽ വൈവിധ്യമാർന്ന രുചിവിഭവങ്ങളും സ്നേഹവുമായി നടൻ മോഹൻലാലിനെ സന്ദർശിച്ചിരിക്കുകയാണ് ഇവർ.
മോഹൻലാൽ തന്നെയാണ് ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. എല്ലാ അതിരുകളെയും ഭേദിച്ച് ലോകം കണ്ട വിജയനും മോഹന വിജയനും ഒരു പ്രചോദനം തന്നെയാണ് എല്ലാവർക്കും എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
വിമാനത്തിൽ കയറാനുള്ള ആഗ്രഹത്തിലാണ് വിജയൻ തന്റെ യാത്ര സ്വപ്നങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഭാര്യക്കൊപ്പം വിജയൻ 25 രാജ്യങ്ങൾ സന്ദർശിക്കുകയായിരുന്നു. തിരുപ്പതിയിലേക്കുള്ള ഒരു യാത്രയാണ് ഇവരുടെ സഞ്ചാരങ്ങൾക്ക് തുടക്കമിട്ടത്.