ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആകാശദൃശ്യം
ലോകത്തിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ രാജാവാണ് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആകാശദൃശ്യം ബി.സി.സി.ഐ പുറത്തുവിട്ടു. സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു ഈ ചിത്രം.
700 കോടി രൂപയുടെ ചെലവിലാണ് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. 1,10,000-ലേറെ പേര്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് ഒരേസമയം മത്സരങ്ങള്‍ കാണാന്‍ സാധിക്കും. നാല് ഡ്രസ്സിങ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, സ്വിമ്മിങ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍ എന്നിവയ്ക്ക് പുറമെ 4000 കാറുകള്‍ക്കും 10,000 ബൈക്കുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യവും സ്റ്റേഡിയത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Read more: ‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും ബിജുമേനോന് ആരാണെന്നും അറിയാം, നീ ഏതാടാ…’: സ്വയം ട്രോളി രമേഷ് പിഷാരടി
63 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്നു ഈ സ്റ്റേഡിയം. 50,000-ല്‍ അധികം പേര്‍ക്ക് ഇരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നവീകരിച്ചാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കിയത്. നിര്‍മാണം പൂര്‍ത്തിയായതോടെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തായി. 90,000 പേര്‍ക്കിരിക്കാനുള്ള സൗകര്യമാണ് മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുള്ളത്.