‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും ബിജുമേനോന്‍ ആരാണെന്നും അറിയാം, നീ ഏതാടാ…’: സ്വയം ട്രോളി രമേഷ് പിഷാരടി

February 19, 2020

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ട്രോള്‍.

”അമ്മയ്ക്ക് പൃഥ്വിരാജിനെ അറിയാമോ… ? ഇല്ല
ബിജുമേനോനെ അറിയാമോ…? ഇല്ല
ഈ പാട്ട് ഏത് സിനിമയിലേതാണെന്ന് അറിയാമോ…? അറിയില്ല”

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ടൈറ്റില്‍ സോങിനോട് അനുബന്ധിച്ച് പൃഥ്വിരാജും ഗാനം ആലപിച്ച നഞ്ചമ്മയും തമ്മിലുള്ള സംഭാഷണശകലമാണ് ഇത്. ഈ ഡയലോഗിന്റെ പശ്ചാത്തലത്തിലായിരുന്നു രമേഷ് പിഷാരടിയുടെ ട്രോള്‍.

പ്രായമായ ഒരു സ്ത്രീക്കൊപ്പം സംസാരിച്ചിരിക്കുന്ന തന്റെ ചിത്രം പങ്കുവെച്ച രമേഷ് പിഷാരടി ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം ബിജുമേനോന്‍ ആരാണെന്നും അറിയം, നീ ഏതാടാ…’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

Read more: ‘ഇതല്ല ഇതിനപ്പുറം നടന്നു കയറിയവനാണ്…’; കൗതുകമായി പടികള്‍ ചവിട്ടിക്കയറുന്ന ആനയുടെ ദൃശ്യങ്ങള്‍

അതേസമയം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തും മുമ്പേ ശ്രദ്ധേ നേടിയതാണ് ചിത്രത്തിലെ നഞ്ചമ്മയുടെ പാട്ട്. ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിന്റെ വരികള്‍ നഞ്ചമ്മയുടേതാണ്. മാത്രമല്ല ഈ വരികള്‍ മനോഹരമായി ആലപിച്ചിരിക്കുന്നതും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും നഞ്ചമ്മതന്നെ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചമ്മ പാടുന്നത്. വാമൊഴിയായി കിട്ടിയതാണ് ഈ പാട്ടുകള്‍.