അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’

February 13, 2020

അന്താരാഷ്ട്ര പുരസ്‌കാരം നേടിയിരിക്കുകയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ഏഴാമത് ദര്‍ഭംഗാ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ 2020-ല്‍ മികച്ച ഫീച്ചര്‍ ഫിലിം ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. അമ്പതോളം ചിത്രങ്ങള്‍ മേളയില്‍ മത്സരിച്ചിരുന്നു. ഇന്ദ്രന്‍സും ബാലു വര്‍ഗീസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയില്‍ ജോലി തേടി എത്തിയ അബ്ദുള്ള അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. ഈ സ്ത്രീയെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. അറുപത്തിയഞ്ചാം വയസിലാണ് നായകന്‍ തന്റെ പ്രണയിനിയെ തേടി അലയുന്നത്. അബ്ദുള്ളയുടെ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍ എല്ലാം മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍പ്പുണ്ട്.

പ്രേക്ഷകര്‍ക്ക് പരിചിതമായ പ്രണയ കഥകളില്‍ നിന്നും ഒരല്പം വ്യത്യസ്തതയോടെയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തിയത്. ഷാനു സമദ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ നിര്‍മാണം.