ന്യൂസീലന്‍ഡിനെതിരെ ടെസ്റ്റില്‍ ജയിച്ചാല്‍ ചരിത്രം തിരുത്തിക്കുറിക്കാം; കളത്തിലിറങ്ങാന്‍ ഒരുങ്ങി കോലിപ്പട

February 20, 2020

ഇന്ത്യ- ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പയ്ക്ക് നാളെ മുതല്‍ തുടക്കമാകുന്നു. ടി-20യില്‍ ഇന്ത്യയും ഏകദിന പരമ്പരയില്‍ ന്യൂസീലന്‍ഡും വിജയം നേടിയിതുകൊണ്ടുതന്നെ ഇരു ടീമുകളും വിജയപ്രതീക്ഷയിലാണ് കളത്തിലിറങ്ങുക. എന്നാല്‍ ന്യൂസീലന്‍ഡിനെ ടെസ്റ്റില്‍ പരാജയപ്പെടുത്തിയാല്‍ പുതിയൊരു ചരിത്രവും സൃഷ്ടിക്കാന്‍ സാധിക്കും കോലിപ്പടയ്ക്ക്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടുന്ന ടീം എന്ന റെക്കോര്‍ഡ്. നിലവില്‍ തുടര്‍ച്ചയായി ഏഴ് ടെസ്റ്റുകള്‍ വിജയിച്ചു നില്‍ക്കുകയാണ് കോലിപ്പട.

അതേസമയം എം എസ് ധോണിയുടേയും കൂട്ടരുടേയും ആറ് ജയം എന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ കോലിപ്പട മറികടന്നിട്ടുണ്ട്. 2013- ഫെബ്രുവരി മുതല്‍ നവംബര്‍ ആറ് വരെ നടന്ന വിവിധ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമാണ് ധോണി ടീം ആറ് ജയങ്ങള്‍ നേടിയത്. ബംഗ്ലാദേശിനെതിരെ നടന്ന ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ വിജയിച്ചതോടെ ധോണി ടീമിന്റെ റെക്കോര്‍ഡ് കോലി ടീം മറികടക്കുകയായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനെതിരെ ടെസ്റ്റില്‍ വിജയിച്ചാല്‍ സ്വയം റെക്കോര്‍ഡ് തിരുത്തി പുതു ചരിത്രം കുറിക്കാന്‍ കോലിപ്പടയ്ക്ക് സാധിക്കും.

Read more:യന്ത്രച്ചിറകില്‍ ഉയരെ പറന്നു, ചരിത്രംകുറിച്ച് ജെറ്റ്മാന്‍

എന്നാല്‍ ലോകക്രിക്കറ്റിന്റെ ടെസ്റ്റ് ചരിത്രത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം. തുടര്‍ച്ചയായി പതിനാറ് വിജയങ്ങള്‍ നേടിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ഇന്ത്യ- ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര നടക്കുന്നത്. നിലവില്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്താണ് കോലിപ്പട. ന്യൂസീലന്‍ഡിനെ ടെസ്റ്റില്‍ പരാജയപ്പെടുത്തിയാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലീഡ് നില ഉയര്‍ത്താനും ഇന്ത്യന്‍ ടീമിന് സാധിക്കും.

ഇന്ത്യന്‍ സ്‌ക്വാഡ്- വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്