തെരുവിൽ അലഞ്ഞുനടന്ന ആളുടെ മുടിവെട്ടികൊടുത്തും പരിചരിച്ചും പൊലീസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്‌നേഹാര്‍ദ്രമായ സമീപനങ്ങള്‍ക്കൊണ്ട് പലപ്പോഴും പൊലീസുകാരും സമൂഹമാധ്യമങ്ങളില്‍ താരമാകാറുണ്ട്. ഇത്തരത്തില്‍ മനോഹരമായ ഒരു സ്‌നേഹക്കാഴ്ചയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം തെരുവോരങ്ങളിലൂടെ അലഞ്ഞുനടന്ന ഒരു വയോധികനെ പരിചരിക്കുന്ന ഒരു പൊലീസുകാരന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
തെരുവിലൂടെ അലഞ്ഞുനടന്ന ആളുടെ മുടിവെട്ടികൊടുക്കുന്ന പൊലീസുകാരന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പത്തനംതിട്ട കോന്നിയിലെ തെരുവിലൂടെ അലഞ്ഞുനടന്ന അന്യ സംസ്ഥാനക്കാരനായ വയോധികനാണ് കോന്നി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുബീക്ക് റഹീം രക്ഷകനായത്.
മാനസീക അസ്വസ്ഥതകൾ കാണിച്ച വയോധികന്റെ മുടിയും താടിയും വെട്ടി വൃത്തിയാക്കി അദ്ദഹത്തെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങി ധരിപ്പിച്ച ശേഷം കോന്നിയിലുള്ള ലൂർദ് മാതാ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മാനസീക അസ്വസ്ഥകൾ പ്രകടിപ്പിക്കുന്ന ഒരു വയോധികൻ തെരുവിലൂടെ അലഞ്ഞു നടക്കുന്നു എന്ന ഫോൺ കോൾ പൊലീസ് സ്റ്റേഷനിലേക്ക് വന്നതിന് ശേഷമാണ് സുബീക്ക് ഇദ്ദേഹത്തെ അന്വേഷിച്ച് തെരുവിൽ എത്തിയത്. അതേസമയം അദ്ദേഹത്തിന്റെ പേരോ വിവരങ്ങളോ ഒന്നും ലഭിച്ചിട്ടില്ല.
Read also: ഹൃദയത്തില്‍ നിന്നും നഞ്ചമ്മ പാടി; ഹൃദയത്തിലേറ്റി ആസ്വാദകരും ‘അയ്യപ്പനും കോശിയും’-ലെ ഗാനം
എന്നാൽ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട മറ്റൊരാൾക്കും സുബീക്ക് കഴിഞ്ഞ ദിവസം തണലായിരുന്നു. പ്രിയപ്പെട്ടവരാൽ ഉപേക്ഷിക്കപ്പെട്ട് കടത്തിണ്ണയിൽ കഴിഞ്ഞു വരികയായിരുന്നു ബാലചന്ദ്രൻ. കണ്ണിന് തിമിരം ബാധിച്ച് കാഴ്ച പൂർണ്ണമായും നശിച്ച നിലയിൽ ആയിരുന്നു ബാലചന്ദ്രൻ, കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന ഇയാളെ സുബീക്ക് റഹീമിന്റെ നേതൃത്വത്തിലുള്ള ആളുകളാണ് അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.