മലയാള സിനിമയിലെ മറ്റൊരു ‘സ്ത്രീ ശബ്ദ’മായി റിയ സൈറ

February 8, 2020

ഈ വർഷം തിയേറ്റർ കീഴടക്കാൻ എത്തിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബനും ഉണ്ണിമായയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഉണ്ണിമായയുടെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

‘അഞ്ചാം പാതിരാ’യിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഉണ്ണിമായ എത്തിയത്. ശക്തയായ കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിയ താരത്തിന് ശബ്ദം നൽകിയത് മറ്റൊരു സിനിമ നടിയാണ്. റിയ സൈറയാണ് ശബ്ദത്തിലൂടെ ഉണ്ണിമായയെ വെള്ളിത്തിരയിലെ ഒരു മികച്ച കഥാപാത്രമാക്കി മാറ്റിയത്.

ഇപ്പോഴിതാ തിയേറ്ററുകളിൽ എത്തിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനും ശബ്ദം നൽകിയിരിക്കുന്നത് റിയ സൈറയാണ്. കണ്ണമ്മ എന്ന ഗൗരി നന്ദയുടെ കഥാപാത്രത്തിനാണ് റിയ ശബ്ദം നൽകിയിരിക്കുന്നത്. ‘ലോഹം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗരി നന്ദ.

അതേസമയം ‘കുമ്പളങ്ങി നൈറ്റ്സ്’, ‘വികൃതി’, ’22 ഫീ മെയ്ൽ കോട്ടയം’, ‘തീവ്രം’, ‘ചാപ്റ്റേർസ്’ എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിച്ച റിയ ‘ഷട്ടർ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.