അമ്മിക്കല്ലിൽ തേങ്ങാ ചമ്മന്തി അരച്ച് സംഗക്കാര; ചിത്രം ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് തേങ്ങാ ചമ്മന്തി. കഞ്ഞിയും ചമ്മന്തിയും കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ലെന്നാണ് പൊതുവെ പറയാറുള്ളത്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടവിഭവം കടൽ കടന്ന് ലണ്ടനിൽ വരെ എത്തിയിരിക്കുകയാണ്.
ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയാണ് ലണ്ടനിൽ വെച്ച് തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത്. അതും അരകല്ലിൽ അരച്ചാണ് സംഗക്കാര തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പോൾ സാംബോൾ എന്നാണ് ലണ്ടനിൽ ഈ വിഭവം അറിയപ്പെടുന്നത്.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സംഗക്കാര. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഇപ്പോൾ എംസിസിയുടെ പ്രസിഡന്റാണ്. എക്കാലത്തെയും മികച്ച ഇടംകൈയൻ ബാറ്റ്സ്മാൻ, മികച്ച വിക്കറ്റ് കീപ്പർ എന്നിവരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് സംഗക്കാര. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിൽ ഒന്നാം സ്ഥാനത്ത് നിരവധി തവണ സംഗക്കാര എത്തിയിരുന്നു.
പതിനഞ്ച് വർഷം നീണ്ടു നിന്ന ക്രിക്കറ്റ് ജീവിതത്തിലൂടെ 134 ടെസ്റ്റും 404 ഏകദിനങ്ങളും സംഗക്കാര കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 12400 റണ്‍സും ഏകദിനത്തില്‍ 14234 റണ്‍സും സംഗക്കാര നേടി. എന്തായാലും ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു സംഗക്കാരയുടെ ലണ്ടൻ തേങ്ങാ ചമ്മന്തി.