ലോകകപ്പിൽ ഇന്ത്യൻ കുതിപ്പ്; ചുക്കാൻ പിടിച്ച് വെടിക്കെട്ട് ബാറ്റിങ് റെക്കോർഡുമായി 16-കാരി
വനിതാ ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യയുടെ ഷഫാലി വർമ്മ. ന്യൂസിലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമിയിൽ എത്തിയ മത്സരത്തിലാണ് ഷഫാലിയുടെ മികച്ച പ്രകടനം. 34 പന്തിൽ നിന്നും മൂന്ന് സിക്‌സും നാലു ഫോറുമടക്കം 46 റൺസാണ് ഷഫാലി നേടിയത്. വെടിക്കെട്ട് പ്രകടനത്തിലൂടെ ഒരു അപൂർവ്വ റെക്കോർഡും ഈ 16 വയസുകാരി സ്വന്തമാക്കി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ 29, 39, 46 എന്നിങ്ങനെ 114 റൺസാണ് ഈ ടൂർണമെന്റിലെ ഷഫാലിയുടെ സ്‌കോർ നേട്ടം. മൂന്ന് മത്സരങ്ങളിൽ നിന്നുമുള്ള സ്ട്രൈക്ക് റേറ്റ് ആകട്ടെ 172.72. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇത്രയും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന താരമെന്ന നേട്ടമാണ് ഷഫാലിയെ തേടിയെത്തിയത്.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് മികച്ച വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് വീരേന്ദർ സെവാഗ്. ഇന്ത്യയുടെ ലേഡി വീരേന്ദർ സെവാഗ് എന്നാണ് ക്രിക്കറ്റ് ലോകം ഷഫാലി വർമ്മയെ വിശേഷിപ്പിക്കുന്നത്.
അതേസമയം ഇന്നത്തെ വിജയത്തിലൂടെ ഇന്ത്യ സെമി ഉറപ്പിച്ചു. ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് നിശ്ചിത ഓവറില്‍ 129 റണ്‍സാണ് നേടാനായത്. ശിഖ പാണ്ഡെ, പൂനം യാദവ്, ദീപ്തി ശര്‍മ്മ, രാജേശ്വര്‍ ഗെയ്ക്വാദ്, രാധാ യാദവ് എന്നിവര്‍ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടി.