‘ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുക്കുന്ന സിനിമ’: മരക്കാറിനെക്കുറിച്ച് സിദ്ദിഖ്
മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. മാര്‍ച്ച് 26 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുത്ത ചിത്രമാണ് മരക്കാര്‍ എന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു. താരവും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പട്ടുമരക്കാര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
”മലയാളത്തില്‍ ഇന്നേവരെ വന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുക്കുന്ന ചിത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന സിനിമയായാണ് പ്രിയദര്‍ശന്‍ ഈ ചിത്രം ഷൂട്ട് ചെയ്തത്”, സിദ്ദിഖ് പറഞ്ഞു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചരിത്ര സിനിമകള്‍ക്ക് എക്കാലത്തും തിയേറ്ററുകളില്‍ മികച്ച വരവേല്‍പാണ് ലഭിക്കാറുള്ളത്. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. അതുകൊണ്ടുതന്നെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുക്കാനാണ് സാധ്യത. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണെന്നാണ് സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമുടെ നിര്‍മാണം.