അച്ഛൻ പൊയ്ക്കോ ഞാൻ പാടാം; ഹൃദയം കവർന്ന് കൊച്ചുപാട്ടുകാരി: വീഡിയോ
കുട്ടിക്കുരുന്നുകളുടെ കിളികൊഞ്ചലുകൾ പോലെത്തന്നെ അവരുടെ പാട്ടുകൾക്കും ഡാൻസുകൾക്കുമൊക്ക കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഒരു കൊച്ചുമിടുക്കി. അച്ഛനൊപ്പം വേദിയിൽ എത്തിയ കുട്ടിപ്പാട്ടുകാരിയാണ് മനോഹരമായ ആലാപനവുമായി കാഴ്ചക്കാരുടെ മുഴുവൻ ശ്രദ്ധനേടിയത്.
ഗായകൻ മാധവ് ബീന അഗർവാളും മകൾ വേദ അഗർവാളുമാണ് വേദിയിലെ പാട്ടുകാർ. അച്ഛനൊപ്പം പാട്ടുപാടാൻ വേദിയിൽ എത്തിയതാണ് മൂന്ന് വയസുകാരി മകൾ വേദ. എന്നാൽ അച്ഛൻ മാറി നിൽക്കൂ ഞാൻ പാടിക്കോളാം എന്ന് പറഞ്ഞ് അച്ഛനെ പിറകോട്ട് മാറ്റി നിർത്തിയ ശേഷമാണ് വേദയുടെ പാട്ട്.
ഓർക്കസ്ട്രക്കൊപ്പം അതിമനോഹരമായി പാടുന്ന വേദ ഇടയ്ക്ക് വരികൾ മറന്നുപോകുമ്പോൾ അച്ഛൻ മാധവ് കൂടെ പാടുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
മണിരത്നം സംവിധാനം നിർവഹിച്ച ‘റോജ’ എന്ന ചിത്രത്തിലെ, എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ‘ചിന്ന ചിന്ന ആശ…’ എന്ന ഗാനത്തിന്റെ ഹിന്ദി വേർഷനാണ് വേദ എന്ന കൊച്ചുമിടുക്കി പാടിയത്. നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും ഈ കൊച്ചുപെൺകുട്ടിക്ക് ലഭിക്കുന്നത്.
Read also: ജീവിക്കാന് പാനിപൂരി വിറ്റുനടന്ന പയ്യന് ഇന്ത്യയുടെ യശസ്സുയര്ത്തിയപ്പോള്; സ്റ്റാറാണ് യശ്വസി
വേദയുടെ ‘അമ്മ മേഘ അഗർവാളാണ് മകൾ പാടുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. “എന്റെ മൂന്ന് വയസുകാരി മകളും അവളുടെ അച്ഛനും ആദ്യമായി ഒരുമിച്ച് വേദി പങ്കിടുന്നു, എല്ലാവരുടെയും അനുഗ്രഹം അവൾക്കുണ്ടാകണം” എന്നാണ് മേഘ ട്വിറ്ററിൽ കുറിച്ചത്. ഫെബ്രുവരി 4 ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 17 ലക്ഷം കാഴ്ചക്കാർ കണ്ടുകഴിഞ്ഞു. മികച്ച പിന്തുണയാണ് ഈ കുട്ടിഗായികയുടെ ആലാപനത്തിന് ലഭിക്കുന്നത്.