പുതിയ ലുക്കിൽ ഷെയ്ൻ: ‘ഉല്ലാസം’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹൻലാൽ
മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഉല്ലാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പുതിയ ലുക്കിൽ ഷെയ്ൻ നിഗം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
നവാഗതനായ ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് നായിക. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ പവിത്ര ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഉല്ലാസം. പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വരികൾ തയാറാക്കിയിരിക്കുന്നത് ഹരിനാരായണനുമാണ്. തെന്നിന്ത്യയിലെ പ്രശസ്ത നൃത്ത സംവിധായകൻ ബാബ ഭാസ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അതേസമയം ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’. ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില് ലാലാണ്.