അണ്ടർ 19 ലോകകപ്പ്: ആദ്യമായി ഫൈനലിൽ ഇടംനേടി ബംഗ്ലാദേശ്, ഇന്ത്യയെ നേരിടും

February 7, 2020

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാൻ ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 6 വിക്കറ്റിനാണ് ബംഗ്ലാദേശ് തോൽപ്പിച്ചത്. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശ് ഫൈനലിൽ ഇടംനേടുന്നത്.

8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടിയ ന്യൂസിലൻഡിനെ, ബംഗ്ലാദേശ് 44 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയാണ് മടക്കി അയച്ചത്. ബംഗ്ലാദേശിന്റെ മഹ്‌മദുൽ ഹസൻ ജോയി നേടിയ സെഞ്ചുറി ബംഗ്ലാദേശിന് ആശ്വാസമായി. 127 പന്തിൽ നിന്നുമാണ് താരം 100 റൺസ് നേടിയത്. മഹ്‌മദുൽ ആണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ഞായറാഴ്‌ചയാണ് ഫൈനൽ മത്സരം.

ടോസ് നേടിയ ബംഗ്ലാദേശ് ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ ബോളർമാരുടെ മികച്ച പ്രകടനവും മത്സരത്തിന് ഊർജം പകർന്നു. ഷൊരിഫുൽ ഇസ്‌ലാം മൂന്ന്, ഷമീം ഹുസൈൻ 2, ഹസൻ മുറാഡ് 2 എന്നിങ്ങനെയാണ് ബംഗ്ലാദേശിന്റെ വിക്കറ്റ് നേട്ടം.

അതേസമയം സെമി ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ ഇടം നേടിയത്. കഴിഞ്ഞ നാലു തവണ അണ്ടർ 19 ലോകകപ്പിൽ ഇടം നേടിയ ഇന്ത്യ കഴിഞ്ഞ രണ്ടു തവണയും ഫൈനലിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരങ്ങളിലെ ആത്മവിശ്വസത്തോടെ ഇന്ത്യ ഫൈനലിൽ ഇറങ്ങുമ്പോൾ ആദ്യ ഫൈനലിൽ മികച്ച വിജയം മുന്നിൽക്കണ്ടാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്.