‘മതത്തെ തൊട്ട് കളിക്കല്ലേ, കത്തുന്ന ഏര്‍പ്പാടാണേ’; ‘വാങ്ക്’ ട്രെയ്‌ലർ എത്തി

അനശ്വര രാജൻ നായികയാകുന്ന ‘വാങ്ക്’ എന്ന സിനിമയുടെ ട്രെയ്‌ലർ എത്തി. ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് ആണ് സംവിധാനം. ഉണ്ണി ആറിന്റെ തിരക്കഥയ്ക്ക് ഷബ്‌ന മുഹമ്മദ് തിരക്കഥയൊരുക്കിയിരിക്കുന്നു.
ചെറുപ്പം മുതൽ വാങ്ക് വിളിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന റസിയ എന്ന പെൺകുട്ടിയെയാണ് അനശ്വര അവതരിപ്പിക്കുന്നത്. വിനീത്, നന്ദന വർമ്മ, ഗോപിക തുടങ്ങിയവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നതിൽ ഏറെപ്പേരും.
7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹണം.
Read More:റി റിലീസിനൊരുങ്ങി ഫഹദ് ചിത്രം മൺസൂൺ മാംഗോസ്
അനശ്വര രാജൻ നായികയാകുന്ന മൂന്നാമത്തെ ചിത്രമാണ് ‘വാങ്ക്’. ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി സിനിമ ലോകത്തേക്ക് എത്തിയ അനശ്വര നായികയായി ആദ്യമഭിനയിച്ചത് ‘തണ്ണീർമത്തൻ ദിനങ്ങളി’ലാണ്. സൂപ്പർ ഹിറ്റായ ചിത്രത്തിന് ശേഷം ‘ആദ്യരാത്രി’ എന്ന ചിത്രത്തിലും നായികയായി. വളരെ ശക്തമായ ഒരു കഥാപാത്രമായാണ് ‘വാങ്കി’ലും അനശ്വര എത്തുന്നത്.