പ്രദർശനത്തിനൊരുങ്ങി ‘വരനെ ആവശ്യമുണ്ട്’; ആവേശത്തിൽ ആരാധകർ
മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിൽ എത്തും.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഒരു പുഞ്ചിരിയുമായി കണ്ടിരിക്കുവാന്‍ പ്രണയവും ചിരിയുമായി ഒരു സുന്ദരയാത്ര’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത്ത് സന്തോഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. താരം നായികയായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതേസമയം സുരേഷ് ഗോപിയുടെയും ശോഭനയുടെയും മടങ്ങിവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തിരിക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.
2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.